Business Economy India International News

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം ജി.എഫ്.എസ്. ഗാലക്സി (GFS Galaxy) എന്ന ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയിലെ സാധാരണ ചരക്കുകപ്പലുകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

ആക്രമണം നടന്ന സമയത്ത് കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെ രക്ഷപ്പെടുത്തിയതായും ഒരാളെ കണ്ടെത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു.

“ഒമാൻ തീരത്തിന് സമീപം ഇന്ന് നടന്ന ജി.എഫ്.എസ്. ഗാലക്സി എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒരാൾ ഇപ്പോഴും കാണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്,” മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

മേഖലയിലെ സമുദ്രസുരക്ഷയ്ക്ക് നേരെയുണ്ടാകുന്ന ഭീഷണിയിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന സാധാരണ ചരക്കുകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

കാണാതായ ഇന്ത്യൻ പൗരനെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തിയവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട ഏജൻസികളുമായി ഇന്ത്യൻ അധികൃതർ തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *