കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണം ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണി കൂടി ഉണ്ടായിരുന്നുവെന്ന് പോലീസ്. നിതിന്റെ അധ്യാപിക ലതയെ ലോണ്‍ ആപ്പില്‍ നിന്ന് നിരന്തരം ശല്യം ചെയ്തുകൊണ്ട് മെസേജുകളും കോളുകളും വന്നിരുന്നുവെന്നും ഇത് നിതിനെ മാനസികമായി താളര്‍ത്തിയിരിക്കാമെന്നും പോലീസ് പറഞ്ഞു. പോലീസില്‍ പരാതി നല്‍കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇത് നിതിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കാം. 14,000 രൂപയാണ് നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും കടമെടുത്തത്. പക്ഷേ, 13,500 രൂപയാണ് ലഭിച്ചത്. ഏപ്രില്‍ 6ന് 1,000 രൂപ തിരിച്ചടക്കുകയും ചെയ്തു. ഒരു മാസത്തിനുള്ളില്‍ 18,000 രൂപ തിരിച്ചടക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഈ തുക നിതിന്‍ അടച്ചിരുന്നുവെന്ന് നിതിന്റെ അമ്മ വെളിപ്പെടുത്തി. പിന്നേയും 8,000 രൂപ വേണമെന്ന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നു. നിതിനെ ജാതീയമായി അധിക്ഷേപിച്ച അധ്യാപകര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
ഏപ്രില്‍ 9ന് മാത്രം നിതിന്റെ ഫോണിലേക്ക് 98 ഓളം ഫോണ്‍ കോളുകളും സന്ദേശങ്ങളുമാണ് വന്നത്. അധ്യാപിക ലതക്കും ഇതിന്റെ ഭാഗമായി കോളുകള്‍ വന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അവര്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. അധ്യാപിക ലതയുടെ ഫോണ്‍ നമ്പര്‍ നിതിന്‍ കൊടുത്തിട്ടില്ലെന്ന് നിതിന്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ വെച്ച് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലോണ്‍ ആപ്പുകാരെ വിളിച്ച് അധ്യാപികയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞു. പക്ഷേ, അധ്യാപികയെ ഫോണ്‍ വിളിക്കുന്നത് തുടരുമെന്നായിരുന്നു ലോണ്‍ ആപ്പില്‍ നിന്നും പറഞ്ഞത്. പണം സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് പ്രിന്‍സിപ്പലിന്റെ റൂമില്‍ നിന്നും നിതിന്‍ പോയത്.





