Kerala News Politics

രാഹുൽ ഗാന്ധിയും സംഘവും രാജ്യത്തോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

പാർലമെന്റിൽ ജനാധിപത്യവിരുദ്ധമായ രീതിയിൽ അക്രമം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും രാജ്യത്തിനോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാർലമെന്റിൽ ജനാധിപത്യ രീതിയിൽ സംവദിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസുകാർ കായികമായ രീതിയിൽ എതിരാളികളെ കീഴടക്കാൻ ശ്രമിക്കുന്നതാണ് ഇന്ന് രാജ്യം കണ്ടത്. ബിജെപിയുടെ സീനിയർ എംപിമാരെ വരെ അതിക്രൂരമായ രീതിയിലാണ് രാഹുൽ ഗാന്ധിയും സംഘവും നേരിട്ടത്. വനിതാ എംപിക്കു വരെ വളരെ മോശം അനുഭവമാണ് രാഹുലിൽ നിന്നുണ്ടായത്. തന്റെ സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തിയാണ് രാഹുൽ ഗാന്ധിയിൽ നിന്നും ഉണ്ടായത്. തനിക്ക് പക്വത വന്നിട്ടില്ലെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവങ്ങൾ. നാലാംകിട കെഎസ്‌യു കാരന്റെ പെരുമാറ്റമാണ് പ്രതിപക്ഷ നേതാവിൽ നിന്നും ഉണ്ടായത്. എംപിമാരെ അക്രമിച്ചതിനു ശേഷവും രാഹുൽ ഗാന്ധിയുടെ പ്രതികരണം അങ്ങേയറ്റം നിന്ദ്യമായ രീതിയിലായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിന്തുടർച്ചക്കാരിൽ നിന്നും രാജ്യം മറിച്ച് ഒരു പ്രവർത്തനം പ്രതീക്ഷിക്കുന്നുമില്ല. മൂന്നാം വട്ടവും ജനങ്ങൾ പ്രതിപക്ഷത്തിരുത്തിയതിന്റെ ചൊരുക്കാണ് രാഹുൽഗാന്ധി പാർലമെന്റിനോട് കാണിക്കുന്നത്. കോൺഗ്രസിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ പ്രവൃത്തിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *