നഗരനയ റിപ്പോർട്ട് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം
കേരള നഗരനയ കമ്മിഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൻമേൽ സാമൂഹിക ചർച്ചകളിലൂടെ പൊതുജനാഭിപ്രായം രൂപപ്പെടുത്തി നഗരനയത്തിന് അന്തിമരൂപം നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളം മുഴുവൻ ഒരു നഗരമായി വികസിക്കുന്ന സ്ഥലപരമായ പ്രവണതകൾ വിലയിരുത്തിയാണ് നയശുപാർശകൾ രൂപീകരിക്കുന്നത്. രാജ്യത്ത് നഗരനയ റിപ്പോർട്ട് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ബെൽഫസ്റ്റ്, ക്വീൻസ് സർവ്വകലാശാലയിലെ ഡോ. എം സതീഷ് കുമാർ അധ്യക്ഷനായ കമ്മീഷനാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി മാത്രമേ നഗരവൽക്കരണ നടപടികൾ സാധ്യമാവുകയുള്ളു. നഗരവൽക്കരണത്തെ സമഗ്രതയിൽ കണ്ടുകൊണ്ടുള്ള സമീപനമാണ് കമ്മിഷൻ സ്വീകരിച്ചിരിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
1. നഗരവൽക്കരണം, സ്ഥലപര ആസൂത്രണം, അടിസ്ഥാന രൂപകൽപ്പന
2. ജനങ്ങൾ, സംസ്‌കാരം, പൈതൃകം
3. ഭവനയോഗ്യമായ വാസസ്ഥലവും നിർമ്മിത പരിസ്ഥിതിയും
4. സുസ്ഥിര അടിസ്ഥാന സൗകര്യവും അടിസ്ഥാന സേവനങ്ങളും
5. കാലാവസ്ഥാ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന പ്രദേശങ്ങൾ
6. വളർച്ചാ ചാലകങ്ങൾ
7. നഗര സമ്പദ് വ്യവസ്ഥയും പ്രാദേശിക സാമ്പത്തിക വികസനവും
8. ആരോഗ്യവും ക്ഷേമവും
9. നവീനവും സുസ്ഥിരവുമായ നഗര ധനസഹായം
10. കൂട്ടായ്മയിലൂടെയുള്ള പ്രാദേശിക സ്വയം ഭരണം
തുടങ്ങിയ പ്രധാനപ്പെട്ട പത്ത് മേഖലകളെ അധികരിച്ച് നടത്തിയ പഠനങ്ങളിലൂടെയും ചർച്ചകളിലൂടെയും ശാസ്ത്രീയമായ ഡാറ്റാ വിശകലനത്തിലൂടെയുമാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
നാൽപ്പത്തിയെട്ട് പ്രധാന ശുപാർശകളാണ് ഇടക്കാല റിപ്പോർട്ടിൽ കമ്മീഷൻ സമർപ്പിച്ചത്.
1. നഗര ഭരണത്തിലെ പ്രൊഫെഷണലൈസേഷൻ (സിറ്റി മാനേജ്മെന്റ് സിസ്റ്റം)
2. പദ്ധതികളുടെ കാര്യക്ഷമമായ ധനകാര്യ മാനേജ്മെൻറ് ഉറപ്പ് വരുത്തുന്നതിന് പദ്ധതി രൂപീകരണ ടീം.
3. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങൾക്ക് മെട്രോ പൊളിറ്റൻ പ്ലാനിങ് കമ്മിറ്റി. അടുത്ത പത്തു വർഷത്തിനുള്ളിൽ കൊല്ലം, തൃശ്ശൂർ, കണ്ണൂർ നഗരങ്ങളിലും.
4. നഗരങ്ങളിൽ സംരംഭക വികസന കൗൺസിൽ
5. യുവതയ്ക് 25% സംവരണം
6. സംരംഭങ്ങളെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തുന്നതിന് ജില്ലാതല മാപ്പിങ്
7. മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ.
8. നവകേരളം സ്ഥലപര ആസൂത്രണ ഫ്രെയിംവർക്ക്. എല്ലാ നഗരസഭകളിലും സംയുക്ത ആസൂത്രണ കമ്മിറ്റി
9. സെൻസസ് നഗരങ്ങളിൽ നിന്നും സ്റ്റാറ്റിയൂട്ടറി നഗരങ്ങളിലേക്കുള്ള മാറ്റം
10. കിലയിലൂടെ കോഴിക്കോട് എൻ ഐ ടി, കുസാറ്റ് തുടങ്ങിയ സ്ഥാപനങ്ങളെ കണ്ണിചേർത്ത് സമഗ്ര വിവര വിശകലനം സാധ്യമാക്കുന്നതിനും നഗര ഭരണത്തെ സഹായിക്കുന്നതിനും എല്ലാ നഗരങ്ങളിലും നഗര നിരീക്ഷണ കേന്ദ്രങ്ങൾ
11. ഉന്നത നിലവാരമുള്ള സ്ഥല വികസന പദ്ധതികൾ
12. താങ്ങാനുള്ള ഭൂമിയുടെ ശേഷി പരിഗണിച്ചു വ്യത്യസ്തങ്ങളായ ഫ്‌ലോർ സ്‌പേസ് ഇൻഡക്‌സ്
13. സംസ്ഥാനത്തെ മുഴുവൻ പൈതൃക, പാരിസ്ഥിതിക കേന്ദ്രങ്ങൾ പ്രത്യേകമായി ലിസ്റ്റ് ചെയ്യൽ
14. നിലവിലുള്ള സ്മാർട്ട് കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തൽ
15. എല്ലാ നഗരങ്ങളുടെയും LiDar, GPR മാപ്പിങ്. നഗര ക്ലസ്റ്ററുകളുടെ ഭൗമ സർവേ
16. കാലാവസ്ഥാ സൗഹൃദ അടിസ്ഥാന സൗകര്യ വികസന നിക്ഷേപം വർദ്ധിപ്പിക്കൽ. ധനകാര്യ മുൻകരുതൽ നടപടികൾ
17. വരൾച്ചാ മേഖലയിൽ സംയോജിത നീർത്തടാധിഷ്ഠിത പദ്ധതി നടപ്പാക്കൽ
18. അതീവ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽ താൽക്കാലിക ഫ്‌ലഡ് ബാരിയറുകൾ സ്ഥാപിക്കൽ
19. തൽസമയ വെള്ളപ്പൊക്ക സൂചനാ മാപിനികൾ സ്ഥാപിക്കൽ
20. പശ്ചിമഘട്ട സംരക്ഷണത്തിന് അഞ്ചു സംസ്ഥാനങ്ങൾ ചേർന്നുകൊണ്ടുള്ള സംയുക്ത പദ്ധതികൾ
21. നാൽചക്ര വാഹനങ്ങളിലേക്ക് മാറുന്നതോടൊപ്പം ഡീകാർബ്ബണൈസ് ചെയ്യുന്നതിനുള്ള സമീപനവും നടപടികളും
22. നഗരസഭകളിൽ കാർബൺ ഓഡിറ്റ് സംവിധാനം സജ്ജമാക്കലും ഹരിത ചാക്രിക സമ്പദ് വ്യവസ്ഥയുടെ സാധ്യതകൾ കണ്ടെത്തുന്നതിനുള്ള സംവിധാനം
23. നഗരങ്ങളിലെ വാഹനങ്ങൾക്ക് വാർഷിക ഹരിത ഫീസും വാങ്ങുമ്പോൾ ഒറ്റത്തവണ ഫീസും.
24. എൽഇഡി പദ്ധതികൾ തയ്യാറാക്കുന്നതിനായി നഗര തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകുക.
25. എല്ലാ ജില്ലകളിലും ബിസിനസ് ഡെവലപ്‌മെന്റ് കൗൺസിലുകൾ സ്ഥാപിക്കുക.
26. നഗര തദ്ദേശസ്ഥാപനങ്ങൾക്കായി ഇന്റഗ്രേറ്റഡ് ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റങ്ങൾ തയ്യാറാക്കുക.
27. പ്രദേശത്തെ കോളേജുകളും നൈപുണ്യവികസന സ്ഥാപനങ്ങളുമായി സഹകരണം സൃഷ്ടിക്കുക.
28. ഉന്നത നൈപുണ്യമുള്ള പ്രൊഫഷണലുകൾ, ജിയോ സ്‌പേഷ്യൽ ഡേറ്റ സയന്റിസ്റ്റുകൾ, പരിസ്ഥിതി ആസൂത്രകർ എന്നിവരുൾപ്പെടുന്ന ഗ്യാൻശ്രീ പ്രൊഫഷണൽ സംവിധാനത്തിനുള്ള പ്രൊപ്പോസൽ.
29. നിക്ഷേപങ്ങൾ ഉത്തേജിപ്പിക്കുന്നതിനായി കേരള മുനിസിപ്പൽ ആക്ടിന്റെ 299, 300 സെക്ഷനുകൾ, കേരള ലോൺ ആക്ട് എന്നിവ ഭേദഗതി ചെയ്യുക.
30. ഇവന്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സംസ്ഥാനനയം രൂപവൽക്കരിക്കുക.
31. വിഭവശേഷി അധിഷ്ഠിതമാക്കി എല്ലാ ജില്ലകളിലും പ്രാദേശിക പ്രത്യേക സാമ്പത്തിക മേഖലകൾ കണ്ടെത്തുക.
32. സമൂഹാധിഷ്ഠിത സൂക്ഷ്മ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നടപടികൾ
33. മാസ്റ്റർ, ലോക്കൽ ഏര്യ പ്ലാനിങ്ങുമായി തെരുവുകച്ചവട ശൃംഖലകൾ ഉൾച്ചേർക്കുക.
34. അർബൻ റീജനറേഷനായി ബ്രൗൺഫീൽഡ് പ്രദേശങ്ങൾ വികസിപ്പിക്കൽ
35. എൽ എസ് ജി ഡി ഐ – എൽ ഇ ഡി അതോറിറ്റി./ കൗൺസിലും എൽ എസ് ജി ഡി – എൽ ഇ ഡി ഫണ്ടും സ്ഥാപിക്കൽ ആരംഭിക്കുക
36. ആറ് നഗരസഭകളിലും ക്രെഡിറ്റ് റേറ്റിങ്ങ് പുതുക്കുക.
37. റിയൽ എസ്റ്റേറ്റ് വികസനത്തിനായി ഒരു നയ ഉപകരണമെന്ന നിലിയിൽ ലാൻഡ് പൂളിങ്ങ് ഉപയോഗപ്പെടുത്തൽ.
38. തനതുവിഭവ റവന്യൂ 25 – 30 ശതമാനത്തിൽ നിന്ന് 70 ശതമാനവും സ്വത്തുനികുതി പിരിവ് 50 ശതമാനത്തിൽ നിന്ന് 90 ശതമാനവുമായി വർധിപ്പിക്കുക.
39. ജി ഐ അധിഷ്ഠിത ലാൻഡ് ഇൻവെന്ററിയും പ്രോപ്പർട്ടി ട്രാക്കിങ്ങും സൃഷ്ടിക്കൽ.
40. പ്രധാന മുനിസിപ്പൽ കോർപ്പറേഷനുകൾക്കായി കേരള മുനിസിപ്പൽ ബോണ്ടുകൾ അവതരിപ്പിക്കുക.
41. ആസൂത്രണത്തിൽ നഗര രൂപകല്പന തത്വങ്ങൾ രൂപപ്പെടുത്തുന്നതിനായി ഭൂമി/ ജലം എന്നിവയെ പ്രാഥമിക മാനദണ്ഡങ്ങളായി സ്വീകരിക്കുക.
42. നഗര അടിസ്ഥാനസൗകര്യം (ഭൗതികവും സാമൂഹികവും)
43. പൊതു സൗകര്യങ്ങളും പൊതുഗതാഗതവും സാർവത്രികമായി ലഭ്യമാവുന്നുവെന്ന് ഉറപ്പാക്കുന്ന നയം രൂപവൽക്കരിക്കുക.
44. നഗരതലത്തിലും വാർഡ് തലങ്ങളിലും പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന സൗഹൃദ നഗരങ്ങളും അയൽപ്പക്ക പദ്ധതികളും ( തെരുവുകൾ, ഇടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം പോലുള്ള പൊതു ഉപയോഗ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ പൊതു ഇടങ്ങൾക്കായുള്ള വിശദമായ പ്ലാനുകൾ രൂപീകരിക്കുന്നതിനായി നിലവിലുള്ളതും പുതിയതുമായ അയൽപക്കങ്ങൾ രൂപപ്പെടുത്തുന്നതിന് പ്രൊഫഷണൽ നഗര ആസൂത്രകരും കമ്മ്യൂണിറ്റികളും തമ്മിലുള്ള സഹകരണ ശ്രമമാണ് അയൽപക്ക പദ്ധതി) രൂപപ്പെടുത്തണം
45. വയോജനങ്ങളെയും സാംക്രമികേതര രോഗങ്ങളുള്ളവരെയും പരിഗണിച്ചുകൊണ്ട് സമഗ്രമായ പരിചരണ സംവിധാനം രൂപപ്പെടുത്തുക
46. അടിസ്ഥാന ആസൂത്രണത്തിനും നഗര നിക്ഷേപ പദ്ധതി വികസിപ്പിക്കുന്നതിനും മാസ്റ്റർ പ്ലാനുമായി അതിനെ ബന്ധപ്പെടുത്തുക
47. ഭാവിയിലെ കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പിന്തുണ
48. വാണിജ്യപരമായി വിജയ സാധ്യതയുള്ള അടിസ്ഥാന സൗകര്യപദ്ധതികൾ വികസിപ്പിക്കുക
വിവിധ രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നും പ്രസ്തുത ശുപാർശകളിന്മേൽ നിർദേശങ്ങൾ ലഭിക്കുന്നതിനായി തുടർചർച്ചകൾ നടത്തും.
യു എൻ ഹാബിറ്റാറ്റ്, യുണീസെഫ്, ലോകാരോഗ്യ സംഘടന, സെപ്റ്റ് ( CEPT), അർബൻ ഇക്കോണമി ഫോറം, ജി ഐ ഇസഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ്, നിംഹാൻസ്, സ്‌കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ച്ചർ – ഡൽഹി, ഭോപ്പാൽ, വിജയവാഡ, എൻ ഐ ടി കോഴിക്കോട്, സി ഇ ടി തിരുവനന്തപുരം, ടി കെ എം കൊല്ലം, ഗോഖലേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സ്, ജാമിയ മിലിയ ഇസ്ലാമിയ, ഐ ഐ എസ് ടി തിരുവനന്തപുരം, ആക്ഷൻ എയിഡ്, പാർട്ടിസിപ്പേഷൻ റിസർച്ച് ഇൻ ഏഷ്യ, ജനാഗ്രഹ, ബെംഗളൂരു, ഐ ഡി എഫ് സി ഫൗണ്ടേഷൻ, സി എസ് ഇ എസ് കൊച്ചി, ആരോഗ്യ സർവകലാശാല, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, കില, എന്നീ സ്ഥാപനങ്ങളാണ് നഗരനയ കമ്മിഷനു വേണ്ടി പഠനം നടത്തിയത്.
എൽ എസ് ജി ഡിക്ക് പുറമെ ടൂറിസം, പൊതുമരാമത്ത് വകുപ്പ്, ആസൂത്രണ ബോർഡ്, ജലവിഭവ വകുപ്പ്, ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ, ആരോഗ്യവകുപ്പ്, സാമൂഹിക നീതി വകുപ്പ്, കേരള ഖരമാലിന്യ മാനേജ്മെൻറ് പ്രോജക്ട്, റവന്യൂ വകുപ്പ്, വനിതാ ശിശുക്ഷേമം, ഭവന നിർമ്മാണം തുടങ്ങി വിവിധ വകുപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കമ്മീഷൻ ചർച്ച നടത്തി.
സി ഐ ഐ, കേരള, ക്രെഡായ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ച്ചർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനിങ്, ബിൽഡേഴ്സ് അസോസിയേഷൻ, ഐ എം എ എന്നിങ്ങനെ നഗര ജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തി. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ നഗര തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരും വിവിധ മേഖലകളിലുള്ള പങ്കാളികളുമായും പ്രതിനിധികളുമായും കമ്മീഷൻ ആശയ വിനിമയം നടത്തി.
200 പഠനങ്ങളും റിപ്പോർട്ടുകളും കഴിഞ്ഞ ആഴ്ച കിലയിൽ ചേർന്ന യോഗത്തിൽ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. ഒരാഴ്ചയിലേറെ നീണ്ടുനിന്ന യോഗത്തിൽ കമ്മീഷൻ അംഗങ്ങൾക്ക് പുറമെ വിവിധ മേഖലകളിലെ വിദഗ്ദ്ധരും വിഷയങ്ങൾ അവതരിപ്പിച്ചു. ഇവയൊക്കെ അടിസ്ഥാനപ്പെടുത്തി നടന്ന ദീർഘവും കാര്യമാത്രപ്രസക്തവുമായ സംവാദങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് റിപ്പോർട്ട് തയ്യാറാക്കിയത്.
സെൻസസ് ഡാറ്റ അനുസരിച്ച് 2035- ഓടെ കേരളത്തിലെ 90 ശതമാനം പ്രദേശങ്ങളും നഗരവൽക്കരിക്കപ്പെടുമെന്ന സാഹചര്യത്തിലാണ് കേരളത്തിനായി പ്രത്യേക നഗരനയം രൂപീകരിക്കാൻ തിരുമാനിച്ചത്. 2023 ഡിസംബറിലാണ് നഗരനയ കമ്മീഷൻ രൂപീകരിച്ചത്.