തിരുവനന്തപുരം: മൂന്ന് നിയോജകമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. പാലക്കാട് 16 സ്ഥാനാർഥികളും ചേലക്കരയിൽ 9 സ്ഥാനാർഥികളും വയനാട്ടിൽ 21 സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്.
പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ (കോൺഗ്രസ്), സി കൃഷ്ണകുമാർ (ബിജെപി) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ, കൂടാതെ ഡമ്മി സ്ഥാനാർഥികളും സ്വതന്ത്ര സ്ഥാനാർഥികളുമുള്‍പ്പടെ 16 പേർ മത്സരിക്കുന്നു. ചേലക്കരയിൽ യു ആർ പ്രദീപ് (സിപിഎം), രമ്യ ഹരിദാസ് (കോൺഗ്രസ്), കെ ബാലകൃഷ്ണൻ (ബിജെപി) എന്നിവരാണ് മുന്നണി സ്ഥാനാർഥികൾ, 9 പേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി (കോൺഗ്രസ്), സത്യൻ മൊകേരി (സിപിഐ), നവ്യ ഹരിദാസ് (ബിജെപി) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ, 21 സ്ഥാനാർഥികളാണ് ഇവിടെ പത്രിക സമർപ്പിച്ചത്.
പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബർ 28 ന് നടക്കും, ഒക്ടോബർ 30 ന് വൈകുന്നേരം 3 മണിക്കകം സ്ഥാനാർഥികൾക്ക് പത്രിക പിന്‍വലിക്കാൻ അവസരമുണ്ട്, ഇതിന് ശേഷം മത്സര രംഗത്തിന്റെ അന്തിമ രൂപം ലഭ്യമാകും.