ഉന്നതവിദ്യാഭ്യാസം കേവലം ഒരു അക്കാദമിക് ബദലല്ലെന്നും മറിച്ച് സാമൂഹിക തുല്യത ഉറപ്പാക്കാനുള്ള കരുത്തുറ്റ ആയുധമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ആതിഥേയം വഹിക്കുന്ന അഞ്ചാമത് ഓൾ ഇന്ത്യ പബ്ലിക് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ റൗണ്ട് ടേബിൾ കോൺഫറൻസ് മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിതസാഹചര്യങ്ങൾ കൊണ്ട് പഠനം മുടങ്ങിപ്പോയവർക്ക് പരിവർത്തനാത്മകമായ വിദ്യാഭ്യാസം നൽകുന്ന ‘ആശയങ്ങളുടെ കാവൽക്കാരായി’ ഓപ്പൺ സർവ്വകലാശാലകൾ മാറണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ‘മ്യൂച്വൽ ട്രസ്റ്റഡ് ക്രെഡിറ്റ് ട്രാൻസ്ഫർ’ സംവിധാനം അനിവാര്യമാണെന്നും, എവിടെ നിന്ന് പഠിച്ചു എന്നതിനേക്കാൾ എന്ത് പഠിച്ചു എന്നതിന് മുൻഗണന നൽകുന്ന രീതിയിൽ അക്കാദമിക് മൊബിലിറ്റി സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയെ അന്ധമായി അനുകരിക്കാതെ, മാനുഷികമായ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന വിദ്യകളെ പ്രയോജനപ്പെടുത്തണം. കുടുംബശ്രീ, സാക്ഷരതാ മിഷൻ എന്നിവയുമായി ചേർന്ന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, സ്ഥാപനപരമായ വിവേചനങ്ങളും കർക്കശമായ നിയമങ്ങളും മാറ്റിവെച്ച് പഠിതാക്കളുടെ പഠന യാത്രയ്ക്ക് മുൻഗണന നൽകുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസ മേഖല മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ ‘ബിരുദധാരികളുടെ തൊഴിൽ നൈപുണ്യ മാർഗ്ഗരേഖ’ മന്ത്രി ഡോ. ആർ. ബിന്ദു, പ്രൊഫ. രാജൻ ഗുരുക്കൾക്ക് നൽകി പ്രകാശനം ചെയ്തു.
ശ്രീനാരായഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി. കോമൺ വെൽത്ത് ഓഫ് ലേർണിങ്ങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രൊഫ. പീറ്റർ സ്‌കോട്ട് ഓൺലൈനായി ചടങ്ങിനെ അഭിസംബോധന ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പബ്ലിക് ഓപ്പൺ യൂണിവേഴ്‌സിറ്റീസ് പ്രസിഡന്റ് പ്രൊഫ. സഞ്ജീവ് സോനാവനെ, കോമൺവെൽത്ത് എഡ്യൂക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യ ഡയറക്ടർ ഡോ. ബി. ആർ. ഷദൃക്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു, സിൻഡിക്കേറ്റ് അംഗം അഡ്വ. വി. പി. പ്രശാന്ത് എന്നിവർ പങ്കെടുത്തു.





