കേരള സർക്കാർ കണ്ണൂർ കല്യാട്ട് സജ്ജമാക്കിയ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്ര (ഐആർഐഎ) ത്തിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജ് യോഗത്തിൽ അധ്യക്ഷത വഹിക്കും.
ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുർവേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി 200 കോടിയോളം രൂപ ചെലവഴിച്ച് 300 ഏക്കർ വിസ്തൃതിയിലാണ് കേന്ദ്രം തയ്യാറാവുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണങ്ങളുമായി ബന്ധിപ്പിക്കുന്ന ആഗോള ഗവേഷണ കേന്ദ്രമായി സ്ഥാപനം മാറും.
100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, ഔഷധ സസ്യ ഗവേഷണ കേന്ദ്രം, നഴ്‌സറി, താളിയോല പഠനകേന്ദ്രം എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്. ഇതിനായി 65 തസ്തികകളും സർക്കാർ അനുവദിച്ചിട്ടുണ്ട്.
ആയുർവേദത്തെ ശാസ്ത്രീയമായി അടിത്തറയുള്ള ഒരു ആഗോള ചികിത്സാ രീതിയായി മാറ്റുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ തനതായ ആയുർവേദ പാരമ്പര്യവും താളിയോല ഗ്രന്ഥങ്ങളിലെ അറിവുകളും സംരക്ഷിക്കുന്നതോടൊപ്പം, അവയെ ശാസ്ത്രീയമായി പരിശോധിച്ച് പുതിയ ഔഷധങ്ങളും ചികിത്സാ രീതികളും വികസിപ്പിക്കുകയും കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.





