ന്യൂഡൽഹി: ഭിക്ഷാടനം നടത്തുന്നവരുടെ സാമൂഹികവും സാമ്പത്തികവുമായ പുനരധിവാസം ലക്ഷ്യമിട്ട് കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന സ്മൈൽ (Support for Marginalized Individuals for Livelihood and Enterprise – SMILE) പദ്ധതി വിപുലീകരിക്കുന്നു. 2030-31 സാമ്പത്തിക വർഷത്തോടെ 35,000 പേരെ പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവിൽ രാജ്യത്തെ 216 നഗരങ്ങളിലാണ് സ്മൈൽ ഭിക്ഷാടന പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 295 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. മെട്രോ നഗരങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ, വിനോദസഞ്ചാര-ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവയ്ക്കാണ് പദ്ധതിയിൽ പ്രത്യേക മുൻഗണന നൽകുന്നത്.
ഇതിനോടകം 10,200-ലധികം ഭിക്ഷാടനം നടത്തുന്നവരെ പുനരധിവസിപ്പിച്ചതായും ബാക്കിയുള്ള ലക്ഷ്യം 2030-31ഓടെ ഘട്ടംഘട്ടമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൈപുണ്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, കൗൺസിലിംഗ്, ഉപജീവന മാർഗങ്ങൾ എന്നിവയിലൂടെ ഭിക്ഷാടനം ചെയ്യുന്നവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് മാന്യമായി തിരിച്ചെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
‘ഭിക്ഷാവൃത്തി മുക്ത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ജില്ലാ ഭരണകൂടങ്ങൾ, നഗരസഭകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ഏജൻസികൾ എന്നിവയുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിനും നിരീക്ഷണത്തിനുമായി സ്മൈൽ-ഭിക്ഷാടന ദേശീയ പോർട്ടലും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളുടെയും അഭയകേന്ദ്രങ്ങളുടെയും രജിസ്ട്രേഷൻ, നിരീക്ഷണം, പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എന്നിവ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നടത്തും.
അവബോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയും സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിച്ചും സമൂഹത്തിൻ്റെ പങ്കാളിത്തം ഉറപ്പാക്കിയും പുനരധിവാസം നേടിയവരുടെ ദീർഘകാല സാമൂഹിക-സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.





