Health India Medical News

അമിതമായ ചൂഷണത്തിന് വിധേയമായി രാജ്യത്തെ 10.8 ശതമാനം ഭൂഗർഭജല യൂണിറ്റുകൾ

ന്യൂഡൽഹി: രാജ്യത്തെ ഭൂഗർഭജല വിഭവങ്ങളുടെ 10.8 ശതമാനം അസസ്മെൻ്റ് യൂണിറ്റുകളും അമിത ചൂഷണത്തിന് (Over-exploited) വിധേയമായതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. അതേസമയം, കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്തെ ഭൂഗർഭജല ഉപയോഗത്തിൻ്റെ ആകെ സ്ഥിതിയിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ജൽശക്തി സഹമന്ത്രി രാജ് ഭൂഷൺ ചൗധരി രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്താകെ 6,762 ഭൂഗർഭജല വിഭവ അസസ്മെൻ്റ് യൂണിറ്റുകളാണ് (ബ്ലോക്കുകൾ, താലൂക്കുകൾ, മണ്ഡലങ്ങൾ) ഉള്ളത്. ഇതിൽ 730 യൂണിറ്റുകൾ (10.8 ശതമാനം) വാർഷിക ഭൂഗർഭജല പുനർനിറവിനെക്കാൾ കൂടുതൽ ജലമൂറ്റൽ നടക്കുന്ന ‘ഓവർ എക്സ്പ്ലോയിറ്റഡ്’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതുകൂടാതെ 201 യൂണിറ്റുകൾ (2.97 ശതമാനം) ‘ക്രിട്ടിക്കൽ’, 758 യൂണിറ്റുകൾ (11.21 ശതമാനം) ‘സെമി-ക്രിട്ടിക്കൽ’, 4,946 യൂണിറ്റുകൾ (73.14 ശതമാനം) ‘സുരക്ഷിതം (സേഫ്)’, 127 യൂണിറ്റുകൾ (1.88 ശതമാനം) ‘ഉപ്പുരസമുള്ള (സലൈൻ)’ വിഭാഗങ്ങളിലാണെന്നും മന്ത്രി അറിയിച്ചു.

ചില പ്രദേശങ്ങളിൽ ഭൂഗർഭജലത്തിന് മേൽ ഇപ്പോഴും വലിയ സമ്മർദം നിലനിൽക്കുന്നുണ്ടെങ്കിലും, രാജ്യത്തെ ഭൂഗർഭജല ഉപയോഗത്തിൻ്റെ ആകെ അവസ്ഥ കഴിഞ്ഞ എട്ട് വർഷത്തിനിടെ മെച്ചപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ രാജ്യസഭയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *