നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ സൗത്ത് അരാക്കുളം സ്വദേശി നസീർ.സി.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂർ അരാക്കുളത്തുള്ള പരാശക്തി ഫിനാൻസിൻ്റെ മാനേജിങ്ങ് ഡയറക്ടർ, ഇതര പാർട്ണർമാരായ സി.അരവിന്ദാക്ഷമേനോൻ, കെ.അനിൽകുമാർ, സി.ബാലചന്ദ്രൻ, കെ.മധുസൂദനൻ, കെ.ഭാസി എന്നിവർക്കെതിരെ നഷ്ടപരിഹാരം നൽകാൻ വിധിയായത്.
നസീർ 2,00,000 രൂപയാണ് എതിർകക്ഷിയുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചത്. എന്നാൽ നിക്ഷേപ സംഖ്യ തിരികെ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്തു. നിക്ഷേപ സംഖ്യ തിരികെ നൽകിയെന്നായിരുന്നു എതിർകക്ഷികളുടെ വാദം. എന്നാൽ ഈ വാദം സാധൂകരിക്കപ്പെട്ടില്ല. കാലഹരണ ദോഷമെന്ന വാദവും കോടതി തള്ളി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നിക്ഷേപ സംഖ്യ 2,00,000 രൂപയും ആയതിന് 2013 ഡിസംബർ 19 മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 30,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.





