കോഴിക്കോട്: രാജ്യത്തിന് പുറത്തുപോയി ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിലൂടെ രാഹുൽ ഗാന്ധി ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി മുൻസംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഗൂഢാലോചനക്കെതിരെ മോദി സർക്കാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ കിട്ടിയ അവസരം ഉപയോഗിച്ചു രാഹുൽ രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണ്. പുൽവാമ ഭീകരാക്രമണം ഉണ്ടായപ്പോൾ പാകിസ്ഥാൻ ആക്രമണം നടത്തിയതിനു തെളിവുണ്ടോയെന്നാണ് രാഹുൽ ചോദിച്ചത്. രാഹുൽ എവിടെ സമരം ചെയ്താലും അത് പൊളിയുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബിജെപി സ്പോൺസർഡ് സമരമാണെന്നായിരുന്നു കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ അവർ നിലപാട് മാറ്റി. എന്നാൽ അവരെ അംഗീകരിക്കാൻ സമരക്കാർ പോലും തയ്യാറല്ല. ഇന്ത്യ സഖ്യം ഒറ്റക്കെട്ടാണെന്നാണ് മാധ്യമങ്ങൾ പറഞ്ഞത്. എന്നാൽ ഇന്ത്യ മുന്നണിയിലെ പ്രധാനപ്പെട്ട പാർട്ടികൾ ആരും ഇന്നലത്തെ പ്രതിഷേധത്തിൽ പങ്കെടുത്തില്ല. ചോദ്യപേപ്പർ ചോർന്നത് കണ്ടെത്തിയത് സർക്കാർ തന്നെയാണ്. സിബിഐ അന്വഷണം പ്രഖ്യാപിച്ചു കുറ്റക്കാരെ ഉടൻ പിടികൂടുകയും ചെയ്തു. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് ഇപ്പോൾ പ്രതിപക്ഷം പറയുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ സമയത്തായിരുന്നു എസ്‌എസ്‌എൽസി ചോദ്യപേപ്പർ ചോർന്നത്. അന്ന് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആരെങ്കിലും പറഞ്ഞോ. കഴിഞ്ഞ ആഴ്ച പിഎസ്‌സി പരീക്ഷ പേപ്പർ ചോർന്നു. അതിനെതിരെ ആരും പ്രതിഷേധിച്ചു കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.പി. പ്രകാശ് ബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന സെൽ കൺവീനർ അഡ്വ.വി.കെ. സജീവൻ, സംസ്ഥാന സമിതി അംഗം പി. രഘുനാഥ്, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ്, സിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി. ഉണ്ണികൃഷ്ണൻ, എം. സുരേഷ്, രമ്യ മുരളി പങ്കെടുത്തു.





