Education Kerala News Politics

കേരള ഗവർണറെ സന്ദർശിക്കാനെത്തി അട്ടപ്പാടിയിലെ പ്രൊപ്പെൽ വിദ്യാർത്ഥികൾ

കൊച്ചിക്കാരനായ ജോബി ബാലകൃഷ്ണൻ പ്രൈമറി സ്കൂൾ അധ്യാപകനാണ്. വീടിനുതൊട്ടടുത്തുള്ള സ്കൂളിൽ പഠിപ്പിച്ച് സർവീസ് കാലം പൂർത്തിയാക്കാനാണ് സാധാരണയായി പല അധ്യാപകരും ആഗ്രഹിക്കുക. ജോബി ബാലകൃഷ്ണന്റെ ചിന്തയും ജീവിതയാത്രയും വേറിട്ടതായിരുന്നു. സൗകര്യങ്ങളും പരിചിതമായ ചുറ്റുപാടുകളും വിട്ട്, അദ്ദേഹം സ്വയം ആവശ്യപ്പെട്ട് സ്ഥലംമാറ്റം വാങ്ങിയത് അട്ടപ്പാടിയിലേക്കായിരുന്നു.

അട്ടപ്പാടിയിലെ വനവാസി കുട്ടികളുടെ ജീവിതവും അവരുടെ വിദ്യാഭ്യാസപ്രതിസന്ധികളും കണ്ടപ്പോൾ, അവരുടെ ദുരിതങ്ങളെക്കുറിച്ച് സഹതാപം പ്രകടിപ്പിച്ച് മാറിനിൽക്കാൻ ജോബിക്ക് കഴിഞ്ഞില്ല. ആ കുട്ടികളുടെ പേരിൽ കണ്ണീർ പൊഴിക്കുകയല്ല, അവരുടെ ജീവിതത്തിൽ യഥാർഥ മാറ്റം സൃഷ്ടിക്കാൻ എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു തീരുമാനം.

ഈ ദൗത്യയാത്രയിൽ അട്ടപ്പാടിയിൽ ജോബിക്ക് ശക്തമായ പിന്തുണയായി ഒപ്പമെത്തിയത് ഡോ. നാരായണനായിരുന്നു. വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയതിനു തൊട്ടുപിന്നാലെ, സുഖസൗകര്യങ്ങളുള്ള ജീവിതപാതകൾ തേടാതെ അട്ടപ്പാടിയിലെ വനവാസി ജനതയ്ക്കിടയിലേക്ക് സന്നദ്ധപ്രവർത്തകനായി എത്തിയ ഡോക്ട ർ . അട്ടപ്പാടിയുടെ മണ്ണും അവിടുത്തെ ജനങ്ങളുടെ ജീവിതപ്രതിസന്ധികളും സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ ഡോ. നാരായണൻ ഇന്ന് വിവേകാനന്ദ മെഡിക്കൽ മിഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ജോബി ബാലകൃഷ്ണന്റെ വിദ്യാഭ്യാസരംഗത്തെ ദൗത്യബോധവും ഡോ. നാരായണന്റെ സാമൂഹികസേവന പ്രതിബദ്ധതയും ഒന്നിച്ചപ്പോൾ, അട്ടപ്പാടിയിലെ വനവാസി കുട്ടികളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയുടെ വെളിച്ചം പകരുന്ന മാതൃകാപരമായ പദ്ധതി രൂപംകൊണ്ടു. വിവേകാനന്ദ മെഡിക്കൽ മിഷന്റെ പിന്തുണയോടെയാണ് പ്രൊപ്പൽ (PROPEL – Programme for the Promotion of Education and Leadership) പദ്ധതി നടപ്പാക്കിയത്.

18 വനവാസി കുട്ടികളെ തെരഞ്ഞെടുത്ത് ഓരോ കുട്ടിക്കും ഓരോ മെന്ററെ നിയോഗിച്ചു. മെന്റർമാരുടെ സ്നേഹപൂർവമായ പരിചരണത്തിലും നിരന്തരമായ പിന്തുണയിലും കുട്ടികൾ പഠനത്തിന്റെ മൂല്യം തിരിച്ചറിഞ്ഞു. പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും ജീവിതപാഠങ്ങളും അവർ സ്വന്തമാക്കി.

ഫലം ശ്രദ്ധേയമായിരുന്നു. കുട്ടികൾ എല്ലാവരും പഠനത്തിൽ മികവ് തെളിയിച്ചു. ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയ പ്രൊപ്പൽ പദ്ധതിയിലെ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. നിരവധി കുട്ടികൾ എ പ്ലസും എ ഗ്രേഡുകളും ഉൾപ്പെടെ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി.

കഴിഞ്ഞ ദിവസം ജോബി ബാലകൃഷ്ണനും ഡോ. നാരായണനും ഈ കുട്ടികളോടൊപ്പം ലോക്ഭവനിലെത്തി കേരള ഗവർണറെ സന്ദർശിച്ചു. രാജ്യത്തിന് മാതൃകയാക്കാവുന്ന ഒരു വിജയപദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചവരെയും അതിലൂടെ ജീവിതത്തിൽ മുന്നേറുന്ന കുട്ടികളെയും നേരിൽ കാണാൻ കഴിഞ്ഞതിൽ ഗവർണർക്ക് ഏറെ സന്തോഷവും ഉണ്ടായി.

അട്ടപ്പാടിയിലെ വനവാസി കുട്ടികളുടെ കണ്ണീരിന് മുന്നിൽ സഹതാപം പ്രകടിപ്പിക്കുന്നതിനുപകരം, അവരുടെ ജീവിതത്തിൽ അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും അവസരങ്ങളുടെയും വെളിച്ചം പകർന്ന ജോബി ബാലകൃഷ്ണനും ഡോ. നാരായണനും യഥാർഥത്തിൽ സമൂഹത്തിന് മാതൃകയായ ആദർശശാലികളാണ്. അവരുടെ പ്രവർത്തനം വെറും സേവനമല്ല; വിദ്യാഭ്യാസത്തിലൂടെ ജീവിതങ്ങളെ മാറ്റിമറിക്കാമെന്ന വിശ്വാസത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്.

അവർ ആദർശം ഉൾക്കൊണ്ട സംഘടനയുടെ ഭാഗമാണല്ലോ എന്നോർക്കുമ്പോൾ അഭിമാനം.

എഴുത്ത് : പി. ശ്രീകുമാർ

Leave a Reply

Your email address will not be published. Required fields are marked *