ന്യൂഡൽഹി: വയനാടിന്റെ ലോക്സഭാംഗമായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്കാഗാന്ധി, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.
പ്രിയങ്കയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, മറ്റ് കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു. പാര്‍ലമെന്റിലെത്തിയ പ്രിയങ്കയെ ഇന്ത്യ മുന്നണി നേതാക്കൾ സാദരം വരവേറ്റു.
വയനാട്ടിൽ നിന്ന് 4.10 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക, കേരളത്തിൽ നിന്നുള്ള വനിതാ ലോക്സഭാംഗമായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് ഇത്തവണ വനിതാ എംപിയുമായി. പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ഒരു വനിത പോലും ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നില്ല.
രാഹുല്‍ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ എംപി സ്ഥാനത്ത് ഒഴിവു വന്നത്. രാഹുൽ ഗാന്ധി ഇപ്പോൾ ലോക്സഭ പ്രതിപക്ഷ നേതാവും, സോണിയ ഗാന്ധി രാജ്യസഭ എംപിയുമാണ്.
സത്യപ്രതിജ്ഞ ചടങ്ങിൽ മഹാരാഷ്ട്രയിലെ നന്ദേഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോണ്‍ഗ്രസ്അംഗം രവീന്ദ്ര വസന്ത് റാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു. ആദ്യം തോറ്റുവെന്ന് കരുതിയ രവീന്ദ്ര ചവാൻ, റീ കൗണ്ടിങ്ങിൽ 1,457 വോട്ടുകളുടെ വ്യത്യാസത്തിൽ വിജയിച്ച് ലോക്സഭയിലെത്തി.





