തിരുവനന്തപുരം: പണമില്ലെന്ന കാരണം പറഞ്ഞ് കുട്ടികളെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പഠനയാത്രകളെ വിനോദയാത്രകളാക്കി മാറ്റുകയും ചില സ്കൂളുകൾ അമിത ചെലവുകൾ നിശ്ചയിക്കുകയും ചെയ്യുന്ന പ്രവണത വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും, അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് ബന്ധപ്പെട്ട കമ്മിറ്റികൾ വഹിക്കണമെന്നും നിർദ്ദേശം നൽകി.
വ്യക്തിഗത ആഘോഷങ്ങളായി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് കുട്ടികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങിക്കുന്നതും സമ്മാനങ്ങൾ കൊണ്ടുവരാത്തവരെ വേർതിരിച്ചുകാണിക്കുന്നതും അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന പ്രവണതകളെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.





