India International Kerala News

നേപ്പാൾ മിന്നൽപ്രളയം; മരണം 162 ആയി, 750 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. സുരക്ഷാ സേനാംഗങ്ങളും വിദേശ വിനോദസഞ്ചാരികളും ഉൾപ്പെടെ 750ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്ന വിവരം.

സമീപകാല വർഷങ്ങളിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഈ മിന്നൽ പ്രളയം. ബുധനാഴ്ച നേപ്പാളിലെ മൂന്ന് ജില്ലകളിലാണ് പ്രളയം കനത്ത നാശം വിതച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും മറ്റ് സ്വത്തുക്കളും പ്രളയത്തിൽ തകർന്നു..

ഹിമാപാളികൾ അടർന്നു വന്നതിനെ തുടർന്ന് ഭോട്ടെകോശി നദിയുടെ പോഷകനദിയായ ല്ഹെൻഡെയുടെ ഒഴുക്ക് തടസ്സപ്പെട്ടതാണ് മിന്നൽപ്രളയത്തിന് കാരണമായതെന്ന് ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈന അതിർത്തിയോട് ചേർന്ന റസുവാഗഢിക്ക് സമീപമുള്ള ടിമുറെയിലാണ് പ്രളയജലം ആദ്യം ആഞ്ഞടിച്ചത്.

തുടർന്ന് ശക്തമായ ഒഴുക്ക് താഴ്ന്ന പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ദുരന്തബാധിത മേഖലകളിൽ തുടരുകയാണ്.

പ്രളയം ദുരന്തമേഖലയിലുണ്ടായിരുന്ന വിദേശ പൗരന്മാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. അധികൃതർ രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം നാശനഷ്ടങ്ങളുടെ കണക്കെടുപ്പും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *