India International Kerala Medical News Politics

പ്രളയം ദുരിതത്തിൽ മോദിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

കാഠ്മണ്ഡു: ഇന്നലെയുണ്ടായ മിന്നൽ പ്രളയക്കെടുതിയിൽ അകപ്പെട്ട നേപ്പാളിന് പിന്തുണയും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ബന്ധപ്പെടുകയും ചെയ്തിരുന്നു. പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യ നൽകിയ ഐക്യദാർഢ്യത്തെയും സഹായ വാഗ്ദാനത്തെയും അഭിനന്ദിച്ചു കൊണ്ടാണ് നേപ്പാൾ പ്രധാനമന്ത്രി ഷാ മോദിക്ക് നന്ദി അറിയിച്ചത്.

“ഈ ദുഷ്‌കരമായ സമയത്ത് നേപ്പാളിനോട് കാണിച്ച ഊഷ്മളമായ ഐക്യദാർഢ്യത്തിനും സഹായിക്കാനുള്ള ഉദാരമായ വാഗ്ദാനത്തിനും നന്ദിയുണ്ട്,” ഷാ സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു.

ടിബറ്റിൽനിന്ന് ഉത്ഭവിച്ച ശക്തമായ മിന്നൽപ്രളയം മധ്യ നേപ്പാളിലെ നിരവധി പട്ടണങ്ങളെയും ഗ്രാമങ്ങളെയും തകർത്തതിനെ തുടർന്ന് രാജ്യത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ദുരന്തത്തിൽ ഏകദേശം 100 പേർ മരിച്ചതായും 750ലേറെ പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. കാണാതായവരിൽ 133 പേർ ഇന്ത്യൻ പൗരന്മാരാണ്.

പ്രളയത്തിൽ നിർണായക പാലങ്ങൾ ഒലിച്ചുപോകുകയും നിരവധി പ്രദേശങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. രാജ്യത്തെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികളെയും ദുരന്തം ബാധിച്ചു.

കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുന്നതിനിടെ ദുരന്തബാധിതർക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിനുള്ള നടപടികളുമായി നേപ്പാൾ അധികൃതർ മുന്നോട്ട് പോവുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *