ചെന്നൈ: തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവാകുന്ന രാജ്യസഭാ സീറ്റ് മക്കൾ നീതി മയ്യം (എംഎൻഎം) നേതാവ് കമൽഹാസന് നൽകാൻ ഡിഎംകെ തീരുമാനിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരം മന്ത്രി ശേഖർ ബാബു കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി. എംഎൻഎം ജനറൽ സെക്രട്ടറി എ. അരുണാചലും ചർച്ചയിൽ പങ്കെടുത്തു. കമൽഹാസൻ മത്സരിച്ചാൽ മാത്രമേ സീറ്റ് നൽകൂവെന്ന് ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഡിഎംകെയ്ക്ക് രാജ്യസഭയിലേക്ക് നാലുപേരെ വരെ വിജയിപ്പിക്കാനാകുമെന്ന് കണക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് പിന്തുണ നൽകാൻ കമൽഹാസൻ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുന്നത് ഒഴിവാക്കിയിരുന്നു.
2018 ഫെബ്രുവരി 21-ന് കമൽഹാസൻ മക്കൾ നീതി മയ്യം (MNM) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 3.72% വോട്ടുകൾ നേടി, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ നേടിയിരുന്നു. 2021 തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിച്ച കമൽഹാസൻ 1728 വോട്ടുകൾക്കു ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ സഖ്യത്തിൽ ചേർന്ന കമൽഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 39 ലോക്‌സഭാ സീറ്റുകളിലും വിജയിച്ച ഡിഎംകെ സഖ്യത്തിൽ കോൺഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ഉണ്ടായിരുന്നു. ഡിഎംകെയുടെ വിശ്വാസ്യതയുടെ അടയാളമായാണ് കമൽഹാസന് രാജ്യസഭ സീറ്റ് നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.





