പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന എസ്‌എസ്‌എൽസി പരീക്ഷയും ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഗൾഫിലെയും കേരളത്തിലെയും ചില വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാനാകില്ലെന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ പരിഗണിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾ എത്രയും വേഗം പ്രഥമാധ്യാപകരുടെ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷകളുടെ മെറിറ്റ് പരിശോധിച്ച് കുട്ടികൾക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പുനൽകി. ഇറാനിലെ സ്‌കൂളുകളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടത് ഏറെ സങ്കടത്തോടെയാണ് കേട്ടത്, കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അതിൽ ദുഃഖം രേഖപ്പെടുത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ സുരക്ഷയും ഭാവിയും മുൻഗണന നൽകി നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.





