International News

യുഎസ്–ഇസ്രയേൽ ആക്രമണം രൂക്ഷം; ഇറാനിൽ മരണസംഖ്യ 550 കടന്നു

ടെഹ്‌റാൻ: ഇറാനെതിരെ യുഎസ്–ഇസ്രയേൽ സഖ്യം തുടരുന്ന സൈനിക നടപടികൾ രൂക്ഷമാകുന്നതിനിടെ മരണസംഖ്യ 550 കടന്നതായി റിപ്പോർട്ട്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം രണ്ട് ദിവസത്തിനിടെ 555 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ 131 നഗരങ്ങൾ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും സൊസൈറ്റി അറിയിച്ചു. ദക്ഷിണ ഇറാനിലെ സ്കൂളിൽ നടന്ന വ്യോമാക്രമണത്തിൽ മാത്രം ഏകദേശം 180 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. വിവിധ നഗരങ്ങളിൽ വ്യോമാക്രമണങ്ങളും മിസൈൽ പ്രഹരങ്ങളും തുടരുമ്പോൾ, ഇറാൻ ശക്തമായ പ്രത്യാക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ലെബനനിൽ 31 പേർ കൊല്ലപ്പെട്ടതായും 149 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കരയുദ്ധം ഉൾപ്പെടെ ഹിസ്ബുള്ളയ്ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. ഗൾഫ് രാജ്യങ്ങളിലായി നാലുപേർ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ഇറാന്റെ പ്രത്യാക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കയും സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *