തിരുവനന്തപുരം: മാതൃഭാഷയ്ക്ക് സംസ്ഥാനത്തിന്റെ കൈത്താങ്ങ്. പത്താം ക്ലാസിൽ മലയാളത്തിൽ ഉയർന്ന മാർക്ക് നേടുകയും ഹയർ സെക്കൻഡറി തലത്തിൽ രണ്ടാം ഭാഷയായി മലയാളം തിരഞ്ഞെടുക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മലയാള ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടത്. പൊതുവിദ്യാഭ്യാസ രംഗത്ത് നിരവധി പുരോഗമനപരമായ മാറ്റങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഒന്നും രണ്ടും ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തിയ തീരുമാനം ശ്രദ്ധേയമായിരുന്നു. അതിന് പിന്നാലെയാണ് ഭാഷാപഠനത്തിന് ഊന്നൽ നൽകി, മലയാളത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതിയായി സ്കോളർഷിപ്പ് പ്രഖ്യാപനം. മലയാള ഭാഷയുടെ വളർച്ചക്കും വിദ്യാർത്ഥികളുടെ ഭാഷാപ്രാവീണ്യത്തിനും ഇത് വലിയ പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.





