അമിതവേഗതയിൽ സ്വകാര്യ ബസ് ഓടിച്ച് അപകടമുണ്ടാക്കിയതിനെത്തുടര്‍ന്ന് രണ്ടു യുവാക്കള്‍ മരണപ്പെട്ട കേസില്‍ പ്രതിയായ ബസ് ഡ്രൈവർക്ക് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എം. രതീഷ് കുമാർ ശിക്ഷ വിധിച്ചു. ഡ്രൈവറായ പഴയന്നൂർ കോടത്തൂർ ദേശത്ത് തോട്ടുംകര പുന്നക്കൽ വീട്ടില്‍ മണി മകന്‍ മനോജ് (39) എന്നയാളെയാണ് മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുററം ചുമത്തി കോടതി ശിക്ഷിച്ചത്. അമിതവേഗതയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 2 വർഷം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം പിഴത്തുക മരണപ്പെട്ടവരുടെ അനന്തരവകാശികള്‍ക്ക് തുല്യമായി നല്‍കുന്നതിനും വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്.
2010 ഡിസംബര്‍ മാസം 15-ാം തീയതി പകല്‍ 8.30 മണിയ്ക്ക് ഒല്ലൂക്കരക്കടുത്ത് ആറാം കല്ലിൽ വെച്ചാണ് അപകടം നടന്നത്. സംഭവദിവസം അമിത വേഗതയിൽ ഓടിച്ചു വന്ന സ്വകാര്യ ബസ് ഹെഡ് ലൈറ്റിട്ട് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോഴാണ് എതിരെ ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ ഇടിച്ചത്. അപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പീച്ചി വില്ലേജില്‍ വെറ്റിലപ്പാറ ദേശത്ത് കുന്നത്തുവീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ രാഖില്‍കുമാര്‍ 21 വയസ്സ്, ടി ദേശത്ത് അകവൂര്‍ വീട്ടില്‍ രവി മകന്‍ രാകേഷ് 25 വയസ്സ് എന്നിവര്‍ അന്നുതന്നെ മരണപ്പെടുകയായിരുന്നു.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. സംഭവ സമയത്ത് ബസ്സിൽ ജോലിചെയ്തിരുന്ന കണ്ടക്ടർ മൊഴിമാറ്റി പറഞ്ഞുവെങ്കിലും സംഭവത്തിന്റെ ദൃക്‌സാക്ഷിയുടെ മൊഴിയുടേയും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഹാജരാക്കിയ ശക്തമായ തെളിവുകളുടെയും മറ്റു സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പ്രതിയ്ക്ക് കോടതി ശിക്ഷ വിധിച്ചത്.
ഒല്ലൂർ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.കെ. രാജു, എം. കൃഷ്ണന്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്. കോടതി നടപടികളില്‍ പ്രോസിക്യൂഷനെ സഹായിച്ചത് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ മണികണ്ഠന്‍ കെ. സിവില്‍ പോലീസ് ഓഫീസര്‍ വിനീത്‍കുമാര്‍ സി.വി. എന്നിവരാണ്.
പ്രോസിക്യൂഷന് വേണ്ടി തൃശ്ശൂര്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍ സിനിമോൾ ഹാജരായി.





