Business Kerala News

സ്വർണവില; ആഗോള കുതിപ്പിനിടെ കേരളത്തിൽ ഇടിവ്

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ സ്വർണവില കുത്തനെ ഉയർന്നിട്ടും, കേരളത്തിൽ ഇന്ന് വിലയിൽ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ ഇടിഞ്ഞ് 15,565 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഈ അപ്രതീക്ഷിത ഇടിവ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 8,440 രൂപയുടെ വർധനവുണ്ടായ സ്വർണവില ഇന്ന് താഴ്ന്നത് വിപണിയിൽ കൗതുകമുണർത്തിയിരിക്കുകയാണ്.

ആഗോള വിപണിയിൽ ഔൺസ് സ്വർണം 5,363 ഡോളറായി ഉയർന്നപ്പോൾ ഡോളർ സൂചിക 97.82 ആയി. വെള്ളി 1.46 ഡോളർ ഉയർന്ന് 93.86 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ആഗോള വിപണികൾ അവധിയായിരുന്നിട്ടും കേരളത്തിൽ വില വർധിപ്പിച്ചതിനാൽ ഇന്ന് വ്യാപാരികൾക്ക് വില കുറയ്‌ക്കേണ്ടി വന്നതായാണ് സൂചന. ഇസ്രയേലും യുഎസും ചേർന്ന് ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതോടെ സ്വർണവില കുതിച്ചുയർന്നിരുന്നു. അതേസമയം ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിലെത്തി. ഇന്ത്യൻ ഓഹരി വിപണിയിലും തിരിച്ചടിയുണ്ടായി; വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ്, നിഫ്റ്റി സൂചികകൾ ഇടിഞ്ഞു. വിപണിയിലെ ഈ തിരിവുകൾ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *