തിരുവനന്തപുരം: ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേരുന്ന മഹാപുണ്യാചരണമായ ആറ്റുകാൽ പൊങ്കാലയ്ക്ക് തലസ്ഥാനം പൂർണ സജ്ജമായി. പ്രധാന റോഡുകളിൽ നിന്ന് ഇടവഴികളുവരെ പൊങ്കാല അടുപ്പുകൾക്കായി ചുടുകല്ലുകൾ നിരന്നു. വഴിയോരങ്ങളിൽ കുടിവെള്ളം, സംഭാരം, ലഘുഭക്ഷണം എന്നിവ വിതരണം ചെയ്യാൻ സന്നദ്ധപ്രവർത്തകർ ജാതിമതഭേദമന്യേ രംഗത്തുണ്ട്. വീടുകളും കടത്തിണ്ണകളും ദൂരദേശങ്ങളിൽ നിന്ന് എത്തുന്നവർക്ക് വിശ്രമ കേന്ദ്രങ്ങളായി മാറി. പൊങ്കാലയിടുന്നവരുടെ സൗകര്യാർത്ഥം പാളയം സിഎസ്‌ഐ ക്രൈസ്റ്റ് പള്ളിയും സെന്റ് ജോസഫ് കത്തീഡ്രൽ പള്ളിയും ആരാധനാസമയത്തിൽ മാറ്റം വരുത്തിയപ്പോൾ, പാളയം ജുമാ മസ്ജിദ് കമ്മ്യൂണിറ്റി ഹാളും പരിസരവും വിശ്വാസികൾക്കായി തുറന്നുനൽകും.
സുരക്ഷ ഉറപ്പാക്കാൻ 4000ത്തിലധികം പൊലീസുകാരെ വിന്യസിച്ചു. സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നഗരം നാല് സോണുകളായും 13 ഡിവിഷനുകളായും 29 സെക്ടറുകളായും തിരിച്ചാണ് നിയന്ത്രണം. ആറ്റുകാൽ, പാടശ്ശേരി, ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. ക്ഷേത്രപരിസരത്ത് അഞ്ച് നിരീക്ഷണ ടവറുകളും 20 ഇടങ്ങളിൽ മെഗാഫോൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സുപ്രധാന മേഖലകളിൽ ഡ്രോൺ നിരീക്ഷണവും നടപ്പാക്കും. അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക ഒഴിപ്പിക്കൽ പാതയും ഒരുക്കിയിട്ടുണ്ട്. പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസും ക്യുആർ കോഡ് സംവിധാനവും ഒരുക്കി, യാത്രാസൗകര്യം സുഗമമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭക്തിയും ഐക്യവും നിറഞ്ഞ പൊങ്കാലയ്ക്ക് നഗരം ആവേശത്തോടെ ഒരുങ്ങിയിരിക്കുകയാണ്.





