ന്യൂഡൽഹി: പ്രശസ്ത ഗായകനും മലയാളികളുടെ പ്രിയഗായകനുമായ പി. ജയചന്ദ്രന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. “ഐതിഹാസിക ശബ്ദത്താൽ അനുഗ്രഹിതനായ ജയചന്ദ്രന്റെ ഗാനങ്ങൾ തലമുറകളോളം ഹൃദയങ്ങളെ സ്പർശിക്കും” എന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ എക്‌സ് പേജിലൂടെ പ്രധാനമന്ത്രി മോദി തന്റെ അനുശോചന സന്ദേശം പങ്കുവെച്ചു. “ജയചന്ദ്രൻ വളരെ ഐതിഹാസിക ശബ്ദത്താൽ അനുഗ്രഹിതനായ ഗായകനായിരുന്നു. വിവിധ ഭാഷകളിലായി അദ്ദേഹം പാടിയ പാട്ടുകൾ വരും തലമുറകളുടെ ഹൃദയത്തെ തൊടുന്നവയാണെന്നു ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പവും ആരാധകരോടൊപ്പവുമാണ് എന്റെ പ്രാർത്ഥനകൾ” എന്നായിരുന്നു മോദിയുടെ അനുശോചന സന്ദേശം.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ അന്ത്യം. വൈകിട്ട് വീട്ടിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെക്കാലമായി അർബുദ രോഗബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു.
അദ്ദേഹത്തിന്റെ മൃതദേഹം പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചശേഷം തൃശൂർ സംഗീതനാടക അക്കാദമി ഹാളിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് വീട്ടിലേക്ക് തിരിച്ച് കൊണ്ടുപോയ ശേഷം ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂര്‍ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സിനിമാരംഗത്തെ പ്രമുഖർ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചു.





