Kerala News

നിമിഷപ്രിയയുടെ മോചനത്തിൽ പ്രതീക്ഷയുടെ പുതിയ വെളിച്ചം; തലാലിന്റെ കുടുംബത്തെ ഇറാൻ പ്രതിനിധികൾ സമീപിച്ചു


ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷപ്രിയയുടെ മോചനത്തിൽ പ്രതീക്ഷയുടെ പുതിയ കിരണം. മരിച്ച തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായി ഇറാൻ പ്രതിനിധികൾ ബന്ധപ്പെടുകയും, ബ്ലഡ് മണി നൽകി മാപ്പ് തേടാനുള്ള വഴികൾ തുറക്കുന്നതിൽ പ്രവർത്തിക്കുകയും ചെയ്തു.

തലാൽയുടെ കുടുംബവുമായി ചർച്ചയ്ക്ക് ഇറാൻ ഇടനിലക്കാരാവാൻ മുമ്പേ ഇന്ത്യയോട് താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, കുടുംബത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ഇറാന്റെ സഹായത്തോടെ പുതിയ ശ്രമങ്ങൾ ആരംഭിക്കുകയാണ്.

യെമനിലെ ഹൂത്തി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള സനാ ജയിലിലാണ് 37കാരിയായ നിമിഷപ്രിയ തടവിലായിരിക്കുന്നത്. ഹൂത്തികളുടെ പിന്തുണയോടെ ഇറാൻ പ്രതിനിധികൾ കുടുംബത്തെ സമീപിക്കുകയാണ്. ബ്ലഡ് മണി നൽകാൻ കുറച്ച് തുക ഇതിനകം ഒരുക്കിയിട്ടുണ്ട്. ഒരു ഇടനിലക്കാരൻ ചർച്ചയ്ക്ക് തയ്യാറാണെന്നും, ഏകദേശം 30 ലക്ഷം രൂപ നൽകി ഈ ദൗത്യം ഏറ്റെടുക്കാമെന്ന നിലപാടാണെന്നും റിപ്പോർട്ട് പറയുന്നു.

വിഷയത്തിൽ കേന്ദ്ര സർക്കാർ എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി.

അതേസമയം, യെമൻ പ്രസിഡന്റ് റാഷീദ് അൽ അലിമി നിമിഷപ്രിയക്ക് നൽകിയ വധശിക്ഷ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമൻ എംബസി വ്യക്തമാക്കിയിരുന്നു. ഹൂത്തി വിമതരുടെ നേതൃത്വത്തിൽ കേസ് ഇപ്പോഴും തുടരുകയാണെന്നും, വിമത അധ്യക്ഷനും ഹൂത്തി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവുമായ മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷക്ക് അംഗീകാരം നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്.

നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി നടക്കുന്ന ശ്രമങ്ങൾ വിജയകരമാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *