തിരുവനന്തപുരം: ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന 29-ാമത് രാജ്യാന്തര ചലച്ചിത്രമേളയും പ്രേക്ഷകപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും മികച്ച ചരിത്രവിജയമാകുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മേളയുടെ 501 അംഗ സംഘാടക സമിതി രൂപീകരിച്ചുകൊണ്ടാണ് മന്ത്രി സജി ചെറിയാൻ ചലച്ചിത്രമേളയുടെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചത്.
മേളയിൽ ഹോസ്പിറ്റാലിറ്റി, പ്രോഗ്രാം, ഫിനാൻസ്, ഡെലിഗേറ്റ് സെൽ, ടെക്‌നിക്കൽ, ഓഡിയൻസ് പോൾ, എന്നിവ അടക്കം സബ് കമ്മിറ്റികളും സജീവമാകും. 15 തിയറ്ററുകളിൽ നടക്കുന്ന മേളയിൽ 180 സിനിമകളാണ് പ്രദർശിപ്പിക്കുക. മലയാളം സിനിമ റ്റുഡേ വിഭാഗത്തിൽ 14 സിനിമകളും വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പാക്കേജുകളും ഇത്തവണയുണ്ട്. മേളയുടെ മത്സര വിഭാഗങ്ങളിൽ രാജ്യാന്തരത്തിലും ഇന്ത്യൻ പ്രാദേശിക ഭാഷാചിത്രങ്ങളിലും ഒട്ടനവധി ചിത്രങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്.
മേളയിൽ ഇന്ദുലക്ഷ്മിയുടെ അപ്പുറം, ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ എന്നിവ ഉൾപ്പെടെ പ്രദർശനത്തിനെത്തും. ചലച്ചിത്രമേളയുടെ ഭാഗമായി ഇൻ കോൺവർസേഷൻ, ഓപ്പൺ ഫോറം, മാസ്റ്റർ ക്ലാസ്, അരവിന്ദൻ സ്മാരക പ്രഭാഷണം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.