Business Economy India News Politics science Technology

ഇന്ത്യ-യൂറോപ്യൻ സാമ്പത്തിക സഹകരണത്തിന് പുതിയ നീക്കവുമായി പീയുഷ് ഗോയൽ

ന്യൂഡൽഹി: കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ സ്പെയിൻ, ബെൽജിയം, ഫിൻലൻഡ്, എസ്റ്റോണിയ എന്നീ നാല് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിൽ വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം എന്നിവ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം.

സ്പെയിനിൽ, ഇന്ത്യയുടെ യു.പി.ഐ.യും സ്പെയിനിൻ്റെ ബിസം (Bizum) ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനവും തമ്മിൽ സംയോജിപ്പിക്കുന്നതിനുള്ള സാങ്കേതിക ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ധാരണയായി. വാഹനനിർമാണം, ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, പുനരുപയോഗ ഊർജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ബെൽജിയത്തിൽ, ഇന്ത്യ-ഇ.യു. ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിലിൻ്ഫെ മൂന്നാമത് മന്ത്രിതല യോഗത്തിൽ പീയൂഷ് ഗോയൽ സഹഅധ്യക്ഷനായി. ഇന്ത്യ-ഇ.യു. സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം ഒപ്പുവെച്ച് നടപ്പാക്കാനുള്ള പ്രതിബദ്ധതയാണ് പ്രധാനമായും ചർച്ച ചെയ്തത്.

ഫിൻലൻഡിൽ, കൃത്രിമ ബുദ്ധി (AI), 6G, ക്വാണ്ടം സാങ്കേതികവിദ്യ, ശുദ്ധ ഊർജം, നൂതന നിർമാണം, നവീകരണം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ചർച്ച നടത്തി. ഫിൻലൻഡ് കമ്പനികൾ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

എസ്റ്റോണിയയിൽ, ഡിജിറ്റൽ ഭരണസംവിധാനം, ഫിൻടെക്, സൈബർ സുരക്ഷ, യു.പി.ഐ. സംയോജനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. ഇന്ത്യ-ഇ.യു. എഫ്.ടി.എ. വേഗത്തിൽ നടപ്പാക്കുന്നതിന് എസ്റ്റോണിയ പിന്തുണയും അറിയിച്ചു.

ഈ സന്ദർശനം ഇന്ത്യ-യൂറോപ്പ് സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക പങ്കാളിത്തം, നിക്ഷേപം, ഇന്ത്യൻ കയറ്റുമതിക്കാർക്ക് വിപണി പ്രവേശനം എന്നിവ വിപുലീകരിക്കുന്നതിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *