തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ അഞ്ച് ജില്ലകളിലാണ് റെഡ് അലേർട്ട്. ശക്തമായ മഴയ്ക്കും അതിതീവ്രമഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഒക്ടോബർ 25 ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 26 തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലേർട്ടുണ്ട്.
ഒക്ടോബർ 25: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകൾ.
ഒക്ടോബർ 26:പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകൾ.
യെല്ലോ അലേർട്ട്
ഒക്ടോബർ 25:തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകൾ.
ഒക്ടോബർ 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജില്ലകൾ.
ഒക്ടോബർ 27: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ.
മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത
കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇത് മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
മഴ തുടർന്നാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. പൊതുജനങ്ങളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.





