Health India Kerala Medical News

ഒറ്റത്തവണ ഉപയോഗിക്കേണ്ട മെഡിക്കൽ ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് തടയണം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം

ന്യൂഡൽഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട മെഡിക്കൽ ഉപകരണങ്ങളും ശസ്ത്രക്രിയാ ഉപകരണങ്ങളും വീണ്ടും ഉപയോഗിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാരിന്റെ നിർദേശം.

സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിലവിലുള്ള നിരോധനം കർശനമായി നടപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇത്തരം ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്ന ആശങ്കയും, പുനരുപയോഗിച്ച ഉപകരണങ്ങൾക്കുപോലും രോഗികളിൽനിന്ന് മുഴുവൻ തുകയും ഈടാക്കുന്നുവെന്ന പരാതിയും കണക്കിലെടുത്താണ് നടപടി.

ഒക്ടോബർ 16-ന് പുറത്തിറക്കിയ കത്തിൽ, ചില സ്വകാര്യ, കോർപറേറ്റ് ആശുപത്രികൾ ഒറ്റത്തവണ ഉപയോഗത്തിനായി നിർമ്മിച്ച മെഡിക്കൽ ഉപകരണങ്ങൾ അണുവിമുക്തമാക്കിയശേഷം വീണ്ടും ഉപയോഗിക്കുന്നതായി ആരോഗ്യസേവന ഡയറക്ടറേറ്റ് ജനറൽ (ഡിജിഎച്ച്എസ്) ചൂണ്ടിക്കാട്ടി.

കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി, ന്യൂറോസർജറി തുടങ്ങിയ നിർണായക ചികിത്സാ മേഖലകളിലാണ് ഇത്തരം പ്രവണത ശ്രദ്ധയിൽപ്പെട്ടതെന്ന് കത്തിൽ പറയുന്നു.

ഒരു ചികിത്സയ്ക്കായി ഉപയോഗിച്ചശേഷം ഉപകരണങ്ങൾ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, ഒറ്റത്തവണ ഉപയോഗത്തിനായി നിശ്ചയിച്ചിട്ടുള്ള ഉപകരണങ്ങൾ ഇത്തരത്തിൽ പുനരുപയോഗിക്കുന്നത് അനുവദനീയമല്ലെന്നും ഡിജിഎച്ച്എസ് വ്യക്തമാക്കി.

രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആശുപത്രികളിലെ അണുബാധാ സാധ്യത കുറയ്ക്കുന്നതിനും നിലവിലുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്രം ഊന്നിപ്പറഞ്ഞു. പുനരുപയോഗിക്കുന്ന ഉപകരണങ്ങൾക്ക് പോലും രോഗികളിൽനിന്ന് മുഴുവൻ വില ഈടാക്കുന്നുവെന്ന പരാതികളും ഗൗരവത്തോടെയാണ് കാണുന്നത്.

ആരോഗ്യപരിചരണ സ്ഥാപനങ്ങൾ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കർശനമായ പരിശോധനയും നടപടികളും വേണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *