Kerala News

എസ്എസ്എല്‍സി–പ്ലസ് ടു പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം; ഫലം മെയ് മൂന്നാം വാരത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കമാകും. മാർച്ച് 30നാണ് പരീക്ഷകൾ സമാപിക്കുക. സംസ്ഥാനത്താകെ 3031 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ 4,17,497 വിദ്യാർത്ഥികൾ പത്താംക്ലാസ് പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 633 പേരും ലക്ഷദ്വീപിൽ 386 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫിലെ വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് 26,000 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.

മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 7ന് ആരംഭിച്ച് 28ന് സമാപിക്കും. അഡീഷണൽ ചീഫ് എക്സാമിനർമാരുടെയും എക്സാമിനർമാരുടെയും നിയമന ഉത്തരവ് അടുത്ത ആഴ്ച നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മെയ് മൂന്നാംവാരത്തിനുള്ളിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാനാണ് തീരുമാനം. ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാംവർഷ പരീക്ഷകൾ വെള്ളിയാഴ്ച ആരംഭിച്ച് 28ന് സമാപിക്കും. 4,11,025 വിദ്യാർത്ഥികൾ ഒന്നാംവർഷവും 4,52,437 പേർ രണ്ടാംവർഷവും പരീക്ഷ എഴുതും. 34,122 വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതും. ഹയർ സെക്കൻഡറി ഫലം മെയ് 22ന് പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *