കൊച്ചി: റെയിൽവേ സ്റ്റേഷൻ പരിസരത്തോ ട്രെയിനിലോ മദ്യലഹരിയിൽ കാണപ്പെടുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ റെയിൽവേ അധികൃതർക്കുള്ള അധികാരം ശരിവെച്ച് ഹൈക്കോടതി.
1989ലെ റെയിൽവേ ആക്ടിലെ 145(എ) വകുപ്പ് ഭരണഘടനാവിരുദ്ധമല്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
വകുപ്പ് തടയണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ടൂർ ആൻഡ് ട്രാവൽസ് കമ്പനി മാനേജിങ് ഡയറക്ടർ കെ.എൻ. ശാസ്ത്രി സമർപ്പിച്ച ഹർജി കോടതി തള്ളി.
മദ്യലഹരി സംശയിക്കുന്ന യാത്രക്കാരെ ആദ്യം അവരുടെ ശാരീരിക പെരുമാറ്റവും ദൃശ്യമായ ലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തണമെന്ന് കോടതി പറഞ്ഞു. ആവശ്യമായ സാഹചര്യത്തിൽ ബ്രത്ത് അനലൈസർ പരിശോധന നടത്താനും തുടർന്ന് മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും കഴിയും.
യാത്രക്കാരുടെ സുരക്ഷ, സൗകര്യം, റെയിൽവേ പരിസരത്തെ പൊതുസമാധാനം എന്നിവ സംരക്ഷിക്കുകയാണ് നിയമത്തിലെ വ്യവസ്ഥയുടെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.
അധികൃതർ അധികാരം ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടായാൽ അതിനെതിരെ കോടതിയെ സമീപിക്കാൻ വ്യക്തിക്ക് നിയമപരമായ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
‘മദ്യപിച്ച അവസ്ഥ’യ്ക്ക് നിയമത്തിൽ കൃത്യമായ നിർവചനമില്ലെന്നും ഇത് റെയിൽവേ പൊലീസിന് അനിയന്ത്രിതമായ അധികാരം നൽകുമെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. ചെറിയ അളവിൽ മദ്യം കഴിച്ച യാത്രക്കാർ പോലും ഇതുമൂലം ബുദ്ധിമുട്ടിലാകാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ യാത്രക്കാരുടെ സുരക്ഷ, പൊതുസമാധാനം എന്നിവ കണക്കിലെടുത്തു ശിക്ഷ നടപടികൾ സ്വീകരിക്കാമെന്നു കോടതി നിരീക്ഷിക്കുകയായിരുന്നു.





