Death India Kerala Medical News Politics

സംസ്ഥാന സർക്കാരിൻ്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖർ

തൃശൂരിലുണ്ടായ ദാരുണമായ വാഹനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെച്ച് കേന്ദ്ര സർക്കാരിന്റെ മേൽ കുറ്റം ചുമത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ.

എട്ട് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിൽ കേരളം മുഴുവൻ ദുഃഖത്തിലായിരിക്കെയാണ് അപകടത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് പകരം കുറ്റം മറ്റുള്ളവരുടെ മേൽ ചുമത്താനുള്ള സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ദേശീയപാത നിർമ്മാണം കേന്ദ്ര സർക്കാരിൻ്റെ ചുമതലയാണെങ്കിലും, ദേശീയപാതയിൽ പട്രോളിംഗ് നടത്തുക, അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക, ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുക എന്നിവ സംസ്ഥാന പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഉത്തരവാദിത്വമാണ് അതിൽ വീഴ്ച വരുത്തിയതിൻ്റെ പരിണിതഫലമാണ് 8 വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായത് എന്ന് അദ്ദേഹം പറഞ്ഞു.

നിർണായകമായ റോഡ് ഭാഗത്ത് വലിയ വാഹനം അനധികൃതമായി പാർക്ക് ചെയ്തിട്ടും അത് കണ്ടെത്തി നീക്കം ചെയ്യുന്നതിൽ സംസ്ഥാന ട്രാഫിക് സംവിധാനത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.

AI ക്യാമറകളിലൂടെ വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതേസമയം റോഡുകളിൽ ഗുരുതരമായ നിയമലംഘനം നടത്തുന്ന ഭാരവാഹനങ്ങൾക്കെതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം.

സ്വന്തം വീഴ്ചകൾ മറച്ചുവെക്കുന്നതിനായി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ സമീപനം അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ യഥാർഥ ഉത്തരവാദിത്വം ഏറ്റെടുക്കണം. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത് പ്രശ്നങ്ങളുണ്ടാകുമ്പോൾ അതിൽനിന്ന് ഒഴിഞ്ഞുമാറുന്ന സർക്കാരിനെയല്ല, നിയമം കൃത്യമായി നടപ്പാക്കി പൗരന്മാരുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്ന ഉത്തരവാദിത്വമുള്ള സർക്കാരിനെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. കുടുംബങ്ങൾക്ക് തൻ്റെ ഹൃദയംഗമമായ അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *