ന്യൂഡൽഹി: രാജ്യത്ത് 11 കോടി കർഷക ഐഡികൾ (Farmer IDs) സൃഷ്ടിക്കുകയെന്ന ലക്ഷ്യം കേന്ദ്രസർക്കാർ സമയപരിധിക്ക് അഞ്ചുമാസം മുമ്പേ പൂർത്തിയാക്കി. ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം 2027 മാർച്ച് 31-നകം കൈവരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.
ഒക്ടോബർ 23 രാത്രിയോടെ ലക്ഷ്യം പൂർത്തിയായതായി കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും പ്രാദേശിക ഉദ്യോഗസ്ഥരുടെയും ഏകോപിത പ്രവർത്തനമാണ് നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കർഷകർക്ക് സർക്കാർ പദ്ധതികൾ, ബാങ്ക് വായ്പകൾ, വിള ഇൻഷുറൻസ്, ദുരിതാശ്വാസ സഹായം എന്നിവ കൂടുതൽ എളുപ്പത്തിലും സുതാര്യമായും ലഭ്യമാക്കുകയാണ് ഫാർമർ ഐഡി പദ്ധതിയുടെ ലക്ഷ്യം. വിവിധ ആനുകൂല്യങ്ങൾക്കായി ഒരേ രേഖകൾ ആവർത്തിച്ച് സമർപ്പിക്കേണ്ട സാഹചര്യം കുറയ്ക്കാനും സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും കയറിയിറങ്ങുന്നത് ഒഴിവാക്കാനും ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.





