ന്യൂഡൽഹി: ഡൽഹി-എൻസിആറിലെ വായുമലിനീകരണത്തിന്റെ ഘടകങ്ങളും ഉറവിടങ്ങളും തത്സമയം തിരിച്ചറിയാൻ ലക്ഷ്യമിട്ടുള്ള സംയോജിത ലബോറട്ടറി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു. ലോകത്ത് ഇത്തരത്തിലുള്ള ആദ്യ സംയോജിത സംവിധാനമെന്നാണ് കേന്ദ്രം വിശേഷിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് അറ്റ്മോസ്ഫെറിക് കെമിസ്ട്രി ആൻഡ് എയറോസോൾ ടോക്സിസിറ്റി അനാലിസിസ് ലബോറട്ടറി (AATAL) ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുടെ ശാഖയിലാണ് പ്രവർത്തനം ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘മിഷൻ മൗസം’ പദ്ധതിയുടെ ഭാഗമായാണ് ലബോറട്ടറി സ്ഥാപിച്ചത്. വായുവിലെ മലിനീകരണത്തിന്റെ അളവ് കണക്കാക്കുന്നതിനൊപ്പം അതിന്റെ ഘടന, ഉറവിടങ്ങൾ, ആരോഗ്യത്തെ ബാധിക്കാവുന്ന ഘടകങ്ങൾ എന്നിവയും പരിശോധിക്കാൻ ഇവിടെ സംവിധാനമുണ്ടാകും.
വാഹനങ്ങളിൽനിന്നുള്ള പുക, വ്യവസായശാലകൾ, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കൽ, നിർമാണ പ്രവർത്തനങ്ങളിൽനിന്നുള്ള പൊടി, സമീപപ്രദേശങ്ങളിൽനിന്ന് എത്തുന്ന മലിനീകരണം എന്നിവയുടെ സംഭാവന വേർതിരിച്ചറിയാൻ ലാബ് സഹായിക്കും. പിഎം 2.5 ഉൾപ്പെടെയുള്ള സൂക്ഷ്മകണങ്ങൾ, ലോഹങ്ങൾ, വിഷാംശമുള്ള ഘടകങ്ങൾ എന്നിവയും പരിശോധിക്കും.
വായുമലിനീകരണത്തിന്റെ അളവ് മാത്രം രേഖപ്പെടുത്തുന്നതിൽനിന്ന് അതിന്റെ ഉറവിടങ്ങൾ തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ പരിഹാരങ്ങൾ നടപ്പാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണ് പുതിയ സംവിധാനമെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കൂടുതൽ കൃത്യമായി ആസൂത്രണം ചെയ്യാനും വായുഗുണനിലവാര പ്രവചനങ്ങൾ മെച്ചപ്പെടുത്താനും ലബോറട്ടറി സഹായിക്കുമെന്നാണ് പ്രതീക്ഷ.





