ന്യൂഡൽഹി: കർണാടകയിലും മഹാരാഷ്ട്രയിലും രൂക്ഷമായ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.
വരാനിരിക്കുന്ന റാബി (ശീതകാല) കൃഷിക്കാലത്തിനുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ രാജ്യത്ത് വ്യക്തമായി പ്രകടമാകുന്നുണ്ടെന്നും അടുത്തിടെ പൂർത്തിയായ ഖാരിഫ് കൃഷിക്കാലത്തെയും ഇതിന്റെ ആഘാതം ബാധിച്ചിട്ടുണ്ടെന്നും ചൗഹാൻ പറഞ്ഞു.
ഒക്ടോബർ 3ന് കർണാടകയിലേക്ക് കേന്ദ്രസംഘത്തെ അയച്ച് വരൾച്ചാ സാഹചര്യം വിലയിരുത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും അവിടെയും സമാനമായി കേന്ദ്രസംഘത്തെ അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും കൃഷിമന്ത്രി പറഞ്ഞു. വരൾച്ചയുടെ വ്യാപ്തിയും കർഷകർക്ക് ആവശ്യമായ സഹായവും സംബന്ധിച്ച തുടർനടപടികൾക്ക് കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ സഹായകരമാകും.





