തിരുവനന്തപുരം: പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ (എൽപിയു) ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സുരക്ഷയും യാത്രാ സൗകര്യങ്ങളും ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
സർവകലാശാലയിലെ സംഭവങ്ങൾ ഗൗരവമായി കാണണമെന്നും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഞായറാഴ്ചയാണ് എൽപിയു ക്യാമ്പസിൽ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത്. സർവകലാശാലക്കുള്ളിലേക്ക് പുറത്തുനിന്നെത്തിയ ഒരാൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പ്രതിഷേധം. തുടർന്ന് വിദ്യാർത്ഥികൾ ക്യാമ്പസിലെ വസ്തുവകകൾ നശിപ്പിക്കുകയും ന്യൂഡൽഹി-അമൃത്സർ ദേശീയപാതയുടെ ഒരു ഭാഗം ഉപരോധിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ സർവകലാശാലാ മാനേജ്മെന്റും പൊലീസും ചേർന്ന് അടിച്ചമർത്താൻ ശ്രമിച്ചെന്നും പിണറായി വിജയൻ ആരോപിച്ചു. പ്രതിഷേധം നിയന്ത്രിക്കുന്നതിനായി സംഘപരിവാർ പ്രവർത്തകരെ ഉപയോഗിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘർഷാവസ്ഥ കണക്കിലെടുത്ത് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ സുരക്ഷയും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാ സൗകര്യങ്ങളും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.




