Kerala News

സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

സെപ്റ്റംബർ 30ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒക്ടോബർ രണ്ടിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്.

ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

ഇടിമിന്നലിൽ ജാഗ്രത വേണം

ഇടിമിന്നൽ സാധ്യതയുള്ള സമയത്ത് പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ സൂചന ലഭിച്ചാൽ തന്നെ തുറസായ സ്ഥലങ്ങളിൽ നിന്ന് മാറി സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ അഭയം തേടണം. ജനലിനും വാതിലിനും സമീപം നിൽക്കുന്നതും വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക.

ഇടിമിന്നൽ സമയത്ത് മരച്ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ മരങ്ങൾക്ക് താഴെ പാർക്ക് ചെയ്യുകയോ ചെയ്യരുത്. ബൈക്ക്, സൈക്കിൾ, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക. വാഹനത്തിനുള്ളിൽ കഴിയുന്നവർ കൈകാലുകൾ പുറത്തേക്ക് ഇടരുത്.

കുളിക്കാനും ടാപ്പിൽനിന്ന് വെള്ളം ശേഖരിക്കാനും ഇടിമിന്നൽ സമയത്ത് ശ്രമിക്കരുത്. ജലാശയങ്ങളിൽ ഇറങ്ങുക, മത്സ്യബന്ധനം നടത്തുക, ബോട്ടിങ് നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളും പാടില്ല. ടെറസിലും തുറസായ സ്ഥലങ്ങളിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കണം. പട്ടം പറത്തുന്നത് ഒഴിവാക്കുക.

കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി കെട്ടിവയ്ക്കണം. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടിയിടുന്നതും ഒഴിവാക്കുക. ഉയർന്ന സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പുകളിലോ ഇരിക്കുന്നതും അപകടകരമാണ്.

മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഇല്ലെന്ന് ഉറപ്പുവരുത്തി പെട്ടെന്ന് തന്നെ പ്രഥമശുശ്രൂഷ നൽകാൻ ശ്രമിക്കുക. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് നിർണായകമായതിനാൽ അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *