India Kerala News Politics

കോൺഗ്രസ് പ്രതിഷേധം: ഡൽഹിയിൽ ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ആറ് മെട്രോ സ്റ്റേഷനുകളിലെ പ്രവേശന, പുറത്തേക്കുള്ള കവാടങ്ങൾ താൽക്കാലികമായി അടച്ചു. തിങ്കളാഴ്ച വൈകിട്ട് നാലുമണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ജൻപഥ്, മണ്ഡി ഹൗസ്, ബരാഖംബ റോഡ്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക് എന്നീ സ്റ്റേഷനുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) അറിയിച്ചു.

സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് ഡി.എം.ആർ.സി സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി. അതേസമയം, നിയന്ത്രണം ഏർപ്പെടുത്തിയ എല്ലാ സ്റ്റേഷനുകളിലും മെട്രോ ലൈനുകൾ മാറിക്കയറുന്നതിനുള്ള ഇന്റർചേഞ്ച് സൗകര്യം തുടരും.

സുരക്ഷാ ഏജൻസികൾ സാഹചര്യം വിലയിരുത്തിയശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും നിയന്ത്രണങ്ങളിൽ മാറ്റമുണ്ടെങ്കിൽ അറിയിപ്പ് നൽകുമെന്നും ഡി.എം.ആർ.സി വ്യക്തമാക്കി.

കോൺഗ്രസിന്റെ പ്രതിഷേധം കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *