
ലഡാക്ക്: ലഡാക്കിൽ 3,350 കോടി രൂപയുടെ അഞ്ച് പ്രധാന വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമർപ്പിച്ചു. ഗതാഗതം, വൈദ്യുതി, ജലവിതരണം, പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുന്നതാണ് പദ്ധതികൾ.
ലേയിലെ കുശോക് ബകുല റിൻപോച്ചെ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ, നിമ്മു–പദും–ദാർച്ച റോഡ്, ഹാനു ജലവൈദ്യുത പദ്ധതി, അമൃത് ഹിം സർവോവർ പദ്ധതിയുടെ ഭാഗമായി നിർമിച്ച 40 ജലസംഭരണികൾ, ലേയിലെ ഇന്ത്യയിലെ ആദ്യത്തെ പെട്രോഗ്ലിഫ് സംരക്ഷണ പാർക്ക് എന്നിവയാണ് പ്രധാന പദ്ധതികൾ.
പുതിയ വിമാനത്താവള ടെർമിനൽ പ്രതിവർഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി 10 ലക്ഷത്തിൽനിന്ന് 35 ലക്ഷമായി ഉയർത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിമ്മു–പദും–ദാർച്ച റോഡ് യാത്രാസമയം 12 മണിക്കൂറിൽനിന്ന് മൂന്ന് മണിക്കൂറായി കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2019ൽ ലഡാക്ക് കേന്ദ്രഭരണ പ്രദേശമായതിനുശേഷം റോഡ് വികസനം, കുടിവെള്ള വിതരണം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ ഉണ്ടായ പുരോഗതിയും മോദി ചൂണ്ടിക്കാട്ടി. പ്രാദേശിക ഉൽപ്പന്നങ്ങൾക്കും കർഷകർക്കും കരകൗശല തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ലഡാക്കിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
പുതിയ പദ്ധതികൾ മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.




