Court India Kerala Law News Politics

ജുഡീഷ്യൽ സർവീസിന് അഭിഭാഷകവൃത്തി പരിചയം നിർബന്ധം: സുപ്രീംകോടതി

ന്യൂഡൽഹി: ജുഡീഷ്യൽ സർവീസിൽ പ്രവേശിക്കുന്നതിന് മുൻകൂർ അഭിഭാഷകവൃത്തി പരിചയം നിർബന്ധമാക്കിയ വ്യവസ്ഥ സുപ്രീംകോടതി ശരിവെച്ചു. അതേസമയം, മൂന്ന് വർഷത്തെ പ്രാക്ടീസ് വ്യവസ്ഥ പുനഃസ്ഥാപിച്ചതിനെത്തുടർന്ന് ബുദ്ധിമുട്ട് നേരിടുന്ന നിയമബിരുദധാരികൾക്കും യുവ അഭിഭാഷകർക്കും ഇടക്കാല ഇളവും അനുവദിച്ചിട്ടുണ്ട്.

ഭൂമിക ട്രസ്റ്റ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ ആൻഡ് കണക്ടഡ് കേസസ് എന്ന ഹർജികളിലാണ് കോടതിയുടെ നടപടി. 2025 മേയ് 25 മുതൽ 2027 മാർച്ച് 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ പ്രകാരം അപേക്ഷിക്കുന്നവർക്ക് മുൻകൂർ പ്രാക്ടീസ് ഇല്ലാതെയും അപേക്ഷിക്കാം. ഇവർ ഒരു വർഷത്തെ അഭിഭാഷകവൃത്തി പരിചയം പൂർത്തിയാക്കിയതായി കണക്കാക്കും. ഈ കാലയളവിനായി പ്രാക്ടീസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

തിരഞ്ഞെടുക്കപ്പെടുന്നവരെ ട്രെയിനി ജുഡീഷ്യൽ ഓഫീസർമാരായി നിയമിക്കും. തുടർന്ന് സംസ്ഥാന ജുഡീഷ്യൽ അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനവും ഒരു വർഷത്തെ ക്ലർക്ക്ഷിപ്പും പൂർത്തിയാക്കണം. ഇതിൽ ആറുമാസം ജില്ലാ ജഡ്ജിയുടെയോ ഹയർ ജുഡീഷ്യൽ സർവീസ് ഉദ്യോഗസ്ഥന്റെയോ കീഴിലും ആറുമാസം ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ കീഴിലുമായിരിക്കും പരിശീലനം. വിലയിരുത്തൽ തൃപ്തികരമാണെങ്കിൽ സ്ഥിരനിയമനം നൽകും.

2027 ഏപ്രിൽ ഒന്നുമുതൽ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷത്തെ സജീവ അഭിഭാഷകവൃത്തി പരിചയം നിർബന്ധമായിരിക്കും. കോടതികളിലെ നടപടികളിലെ സാന്നിധ്യവും പങ്കാളിത്തവും അടിസ്ഥാനമാക്കിയുള്ള പ്രാക്ടീസ് സർട്ടിഫിക്കറ്റും ഹാജരാക്കണം.

പരിശീലനകാലത്ത് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസിന് ലഭിക്കുന്ന മൊത്തം പ്രതിഫലത്തിന്റെ 50 ശതമാനം ട്രെയിനികൾക്ക് നൽകും.

മുൻകൂർ നിയമപരിചയം ജുഡീഷ്യൽ സർവീസിന് പ്രസക്തമാണെന്ന നിലപാട് നിലനിർത്തിയ കോടതി, പ്രാക്ടീസ് വ്യവസ്ഥ പെട്ടെന്ന് പുനഃസ്ഥാപിച്ചത് യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കിയതിനാലാണ് പരിമിതമായ ഇളവ് അനുവദിച്ചതെന്നും വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ വിയോജനവിധി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *