ന്യൂഡൽഹി: ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രാവൽ മാർക്കറ്റ് (ഡബ്ല്യുടിഎം) 2026ൽ ഇൻക്രെഡിബിൾ ഇന്ത്യ പവലിയൻ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. പരിപാടിക്കിടെ ബ്രിട്ടീഷ് ടൂറിസം മന്ത്രി സ്റ്റെഫാനി പീക്കോക്കുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചയും നടത്തി.
ഇന്ത്യയും യുകെയും തമ്മിലുള്ള വിനോദസഞ്ചാര മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ചർച്ചയിൽ പരിഗണിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ ടൂറിസം ബന്ധം കൂടുതൽ വിപുലീകരിക്കേണ്ടതിൻ്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ചർച്ചയായിട്ടുണ്ട്.
ലോകത്തിലെ പ്രമുഖ യാത്രാ-വിനോദസഞ്ചാര മേളകളിലൊന്നായ ഡബ്ല്യുടിഎം ലണ്ടനിലെ എക്സൽ സെൻ്ററിൽ നവംബർ 3 മുതൽ 5 വരെയാണ് നടക്കുന്നത്. അന്താരാഷ്ട്ര ടൂറിസം മേഖലയിലെ പ്രമുഖരും വ്യവസായ പ്രതിനിധികളും നയരൂപീകരണ വിദഗ്ധരും മേളയിൽ പങ്കെടുക്കുന്നുണ്ട്.





