വാർക്കയുടെ തകരാർ മൂലം വീട് അപകടാവസ്ഥയിലാണെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുണ്ടൂർ കുന്നത്തുള്ളി വീട്ടിൽ ബാബു.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് പേരാമംഗലത്തുള്ള ടി.എസ്.രാമകൃഷ്ണനെതിരെ ഇപ്രകാരം വിധിയായത്. പണിക്ക് ശേഷം വാർക്ക ചോർന്നൊലിക്കുകയും പല ഭാഗങ്ങളിലും ചിന്നൽ രൂപപ്പെടുകയും ചെയ്തിരുന്നു. വീട് അപകടാവസ്ഥയിലാകുന്നു. നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ, വീട് അപകടകരമായ അവസ്ഥയിലാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 500000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.





