
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലും ജാതീയതയ്ക്കെതിരായ പോരാട്ടങ്ങളിലും നിർണായക സംഭാവനകൾ നൽകിയ ചാത്തൻ മാസ്റ്ററെ ഇടത്-വലത് മുന്നണികൾ ഒരുപോലെ അവഗണിക്കുകയാണെന്ന് ബിജെപി തൃശൂർ സിറ്റി ജില്ല ജനറൽ സെക്രട്ടറി പി.കെ. ബാബു പറഞ്ഞു. ചാത്തൻ മാസ്റ്റർ സ്മൃതി സഭയുടെ ഭാഗമായി ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതീയതയ്ക്കും സാമൂഹിക അനീതികൾക്കുമെതിരെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു ചാത്തൻ മാസ്റ്റർ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അർഹമായ സ്ഥാനം ലഭിക്കേണ്ട അദ്ദേഹത്തെ രാഷ്ട്രീയ താൽപര്യങ്ങളുടെ ഭാഗമായി ഇടതുപക്ഷവും വലതുപക്ഷവും അവഗണിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ സ്മൃതികുടീരം പോലും അവഗണനയുടെ വക്കിലായിരുന്നു. കാടുപിടിച്ച് കിടന്നിരുന്ന സ്മൃതികുടീരം ബിജെപിയുടെ നേതൃത്വത്തിലാണ് ശുചീകരിച്ച് കണ്ടെത്തി സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും പി.കെ. ബാബു പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ അർഹമായ ഇടം ചാത്തൻ മാസ്റ്റർക്ക് ലഭ്യമാക്കുകയും പുതുതലമുറയ്ക്ക് അദ്ദേഹത്തിന്റെ പോരാട്ടചരിത്രം പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സ്മൃതി സഭ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 19ന് ഇരിങ്ങാലക്കുടയിൽ ചാത്തൻ മാസ്റ്റർ സ്മൃതി സഭ നടക്കും.
വിളംബര ജാഥ ബിജെപി തൃശൂർ സിറ്റി ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ബാബു, എസ്.സി. മോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സർജു തൊയക്കാവ്, എസ്.സി. മോർച്ച സിറ്റി ജില്ലാ ജനറൽ സെക്രട്ടറി വിജിത്ത് പാറളം, ചന്ദ്രമോഹൻ, ഭഗീഷ് പൂരാടൻ, ശീതൾ രാജ്, വിപിൻ ഐ. നിക്കുന്നത്ത്, രഘുനാഥ് സി. മേനോൻ, സുരേഷ് പനഞ്ചകം, നിഖിൽ ദാസ്, സന്ദീപ് ചേർപ്പ്, ദാമോദരൻ, രാജേഷ് നാട്ടിക തുടങ്ങിയവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി.




