Culture Entertainment India Kerala News Politics

പ്രേം നസീറിൻ്റെ നൂറാം ജന്മവാർഷികാഘോഷവും പുതുതലമുറ സിനിമകളും; ഐ.എഫ്.എഫ്.ഐയിൽ മലയാള സിനിമയ്ക്ക് പ്രത്യേക ഇടം

ഗോവ: മലയാള സിനിമയുടെ സമ്പന്നമായ പൈതൃകവും പുതുതലമുറയുടെ വേറിട്ട ചലച്ചിത്ര ആവിഷ്കാരങ്ങളും ഒരുമിച്ച് അവതരിപ്പിക്കാൻ 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയായ ഗോവയിലെ അന്താരാഷ്ട്രാ ചലച്ചിത്ര മേള. മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീറിൻ്റെ സിനിമാജീവിതത്തെ അനുസ്മരിക്കുന്നതിനൊപ്പം സമകാലിക മലയാള ചിത്രങ്ങൾക്കും മേളയിൽ ശ്രദ്ധേയമായ ഇടം ലഭിക്കും. നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

മലയാളി പ്രേക്ഷകർക്ക് ഏറെ ആകർഷകമാകുന്ന പരിപാടികളിലൊന്ന് പ്രേം നസീറിന്റെ ജന്മശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്ന ‘തുലാഭാരം’ എന്ന ചിത്രമാണ്. ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭകളുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതുതലമുറ മലയാള സിനിമയുടെ സാന്നിധ്യമായി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കും. നിവിൻ പോളി, അജു വർഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വിശ്വാസം, പ്രണയം, ആത്മാന്വേഷണം തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. നിരീശ്വരവാദിയായ സംഗീതജ്ഞൻ പ്രഭേന്ദുവും ഒരു യുവതിയുടെ ആത്മാവും തമ്മിലുണ്ടാകുന്ന അസാധാരണ ബന്ധമാണ് ചിത്രത്തിൻ്റെ പ്രമേയം.

ഇന്ത്യൻ പനോരമയിലെ ന്യൂ ഹൊറൈസൺ വിഭാഗത്തിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ഒറ്റ ഞാവൽമരം’, ശ്രീഹരി ഹരിദാസ് സംവിധാനം ചെയ്ത ‘അജയൻ്റെ മരണം: ഒരു കേസ് സ്റ്റഡി’ എന്നീ മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്.

സന്ദീപ് ഫ്രാൻസിസ് സംവിധാനം ചെയ്ത 11 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ‘സ്വിച്ച് ഓഫ്’ നോൺ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കും. കേരളത്തിൽ നിന്നുള്ള സംവിധായകൻ സംജാദ് ഒരുക്കിയ ‘ഹാഫ്’ ഗാല പ്രീമിയർ വിഭാഗത്തിലും പ്രദർശനത്തിനെത്തും.

ബേസിൽ ജോസഫും കെ.എസ്. ചിത്രയും പ്രത്യേക സെഷനുകളിൽ

മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളും മേളയുടെ പ്രത്യേക പരിപാടികളിൽ പങ്കെടുക്കും. സംവിധായകനും നടനുമായ ബേസിൽ ജോസഫ് ‘ദി എപിക് ജോണേഴ്സ് – മിത്തോളജീസ്, സൂപ്പർഹീറോസ് ആൻഡ് ന്യൂ വേൾഡ്സ്’ എന്ന വിഷയത്തിൽ നടക്കുന്ന ‘ഇൻ കോൺവെർസേഷൻ’ സെഷനിൽ പങ്കെടുക്കും. സിനിമയിലെ ഇതിഹാസ ആഖ്യാനങ്ങളുടെ മാറുന്ന സാധ്യതകളായിരിക്കും ചർച്ച ചെയ്യുക.

പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ സംഗീതപ്രതിഭകളായ ആശാ ഭോസ്ലെ, എസ്. ജാനകി എന്നിവരെ ആദരിക്കുന്ന പ്രത്യേക റെട്രോസ്പെക്ടീവ് സെഷനും നടക്കും. ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന് ഇരുവരും നൽകിയ സംഭാവനകളാണ് സെഷനിൽ അനുസ്മരിക്കുക.

‘അതിരുകളില്ലാത്ത കഥകൾ’ (Stories Without Borders) എന്ന പ്രമേയത്തിലാണ് 57-ാമത് ഐ.എഫ്.എഫ്.ഐ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സിനിമകൾ, സംവിധായകർ, ചലച്ചിത്ര പ്രവർത്തകർ, ആസ്വാദകർ എന്നിവരെ ഒരേ വേദിയിൽ എത്തിക്കുന്ന മേള സാംസ്കാരിക വിനിമയത്തിനും സിനിമയുടെ സാർവത്രിക ഭാഷയെ ആഘോഷിക്കുന്നതിനും അവസരമൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *