യുവതലമുറയിലെ ശ്രദ്ധേയരായ സംഗീതജ്ഞയാണ് ശ്രീമതി എസ്. മഹതി. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. ചെറു പ്രായത്തിൽ തന്നെ ശാസ്ത്രീയ രാഗങ്ങൾ തിരിച്ചറിഞ്ഞ പ്രതിഭാശാലി. ഡോ. ബാലമുരളീകൃഷ്ണയുടെ ശിഷ്യനായ പിതാവ് ശ്രീ തിരുവയ്യാറു പി. ശേഖർ, ശ്രീ ടി. ആർ. മഹാലിംഗത്തിന്റെയും ശ്രീമതി കേശിയുടെയും ശിഷ്യയും പുല്ലാങ്കുഴൽ വാദകയുമായ മാതാവ് ശ്രീമതി വാസന്തി ശേഖർ എന്നിവരിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. തുടർന്ന് ശ്രീമതി ലളിത ഗായത്രി, സംഗീത കലാ ആചാര്യ മങ്ങാട് നടേശൻ, സംഗീത കലാനിധി മധുരൈ ടി. എൻ. ശേഷഗോപാലൻ എന്നിവരുടെ കീഴിൽ ഉപരിപഠനം.
ആകാശവാണിയിലെയും ദൂരദർശനിലെയും എ-ടോപ്പ് (A-Top) ഗ്രേഡ് കലാകാരിയാണ്. ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയിലും തിളങ്ങിയ അവർ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി അറുന്നൂറിലധികം സിനിമാ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
2008, 2009 വർഷങ്ങളിൽ തുടർച്ചയായി മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം നേടി. ഇസൈ പേരൊളി, ഇസൈ ചെൽവം, ഇന്നിസൈ ഇളവരശി എന്നീ ബഹുമതികളും, ചെന്നൈ മ്യൂസിക് അക്കാദമിയിൽ നിന്ന് മികച്ച വനിതാ ഗായിക (ഔട്ട്സ്റ്റാൻഡിംഗ് ലേഡി വോക്കലിസ്റ്റ്), മികച്ച പല്ലവി എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്; സംഗീതക്കച്ചേരികൾക്കും പരിപാടികൾക്കുമായി അവർ ലോകമെമ്പാടും സഞ്ചരിച്ചുവരുന്നു.




