തിരുവനന്തപുരം: ദീർഘകാലമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഭരണപ്രവർത്തനങ്ങൾ സ്തംഭിച്ച എടമലക്കുടി പഞ്ചായത്ത് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിപക്ഷ സിപിഎം എംഎൽഎമാരുടെ സംഘം. സംസ്ഥാനത്തെ ഏക സമ്പൂർണ ഗോത്രവർഗ പഞ്ചായത്തായ എടമലക്കുടിയിൽ ശനിയാഴ്ചയാണ് സംഘം സന്ദർശനം നടത്തുക.
മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എംഎൽഎമാരായ കെ. യു. ജനീഷ് കുമാർ, എം. എസ്. അരുൺ കുമാർ, പി. പി. സുമോദ്, ഒ. എസ്. അംബിക എന്നിവരും ഉണ്ടാകും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
പിണറായി വിജയന്റെ നിർദേശപ്രകാരം ശനിയാഴ്ച രാവിലെ എട്ടിന് മൂന്നാറിൽനിന്ന് സംഘം യാത്ര തിരിക്കും. സാമ്പത്തിക പ്രതിസന്ധി പഞ്ചായത്തിന്റെ ഭരണപ്രവർത്തനങ്ങളെ എത്രത്തോളം ബാധിച്ചുവെന്ന് നേരിട്ട് വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.





