Kerala News

കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് 15ന് നിരത്തിലേക്ക്; പാൻട്രിയും ടോയ്ലറ്റും ഉൾപ്പെടെ ആഡംബര സൗകര്യങ്ങൾ

കൊച്ചി: കെഎസ്ആർടിസിയുടെ ആഡംബര സൗകര്യങ്ങളോടുകൂടിയ ബിസിനസ് ക്ലാസ് ബസ് ഈ മാസം 15ന് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പാൻട്രി, ടോയ്ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് ബസ് നിരത്തിലിറങ്ങുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചിയിൽ നിന്ന് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുമാണ് സർവീസ് നടത്തുക. റോഡ് പണികൾ പൂർത്തിയായാൽ സർവീസ് തൃശൂരുവരെ ദീർഘിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഏകദേശം മൂന്നര മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് എത്താൻ കഴിയുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും. എന്നാൽ എല്ലാ ബുക്കിംഗും തിരുവനന്തപുരത്തേക്കാണെങ്കിൽ ഇടയ്ക്കുള്ള സ്റ്റോപ്പുകൾ ഒഴിവാക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ബസിൽ ടിക്കറ്റ് പരിശോധിക്കുന്നതും യാത്രക്കാരെ സേവിക്കുന്നതും ഹോസ്റ്റസായിരിക്കും. അവർ തന്നെ ഭക്ഷണവും നൽകും. ഇതിനായി ഹോസ്റ്റസിനെ തെരഞ്ഞെടുത്തതായും മന്ത്രി അറിയിച്ചു. വോൾവോയുടെ രണ്ട് ബസുകളാണ് ബിസിനസ് ക്ലാസ് ബസായി എത്തുന്നത്. 35 സീറ്റുകളുള്ള ഈ ബസുകൾ എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകളെ അനുസ്മരിപ്പിക്കുന്ന സൗകര്യങ്ങളോടെയായിരിക്കും. ഇതുവരെ കെഎസ്ആർടിസിയിൽ കാണാത്തവിധം ആഡംബര സംവിധാനങ്ങളോടുകൂടിയ ബസായിരിക്കും ഇത് എന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *