ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജ വിപണിയെ ബാധിക്കുന്ന സാഹചര്യത്തിൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിച്ച് യുഎസ്. ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ അസംസ്‌കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങുന്നതിനായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് ആണ് ഇളവ് പ്രഖ്യാപിച്ചത്. മാർച്ച് 5, 2026 മുതൽ കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും ഇന്ത്യയിലേക്ക് വിതരണം ചെയ്യാനും വിൽക്കാനും അനുമതി നൽകുന്ന ലൈസൻസ് പുറത്തിറക്കിയതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ അറിയിച്ചു. വിവിധ ഉപരോധങ്ങൾ മൂലം തടഞ്ഞുവെച്ച കപ്പലുകളിലെ ചരക്കുകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണ് ഈ ഇളവ് ബാധകമാകുക.
ഇളവ് 2026 ഏപ്രിൽ 3 വരെ പ്രാബല്യത്തിൽ തുടരും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഊർജ നയത്തിന്റെ ഭാഗമായി ആഗോള വിപണിയിലേക്ക് എണ്ണയുടെ ഒഴുക്ക് നിലനിർത്താനാണ് ഈ തീരുമാനം എടുത്തതെന്ന് ബെസ്സെന്റ് വ്യക്തമാക്കി. കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണ് താത്കാലികമായി അനുമതി നൽകിയിരിക്കുന്നതെന്നും ഇതിലൂടെ റഷ്യൻ സർക്കാരിന് വലിയ സാമ്പത്തിക നേട്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും ഇന്ത്യ യുഎസ് എണ്ണയുടെ ഇറക്കുമതി വർധിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ബെസ്സെന്റ് കൂട്ടിച്ചേർത്തു. ഇറാൻ ആഗോള ഊർജ വിപണിയെ ബാധിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ സമ്മർദം കുറയ്ക്കുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.





