ന്യൂഡൽഹി: വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്സഭാ സീറ്റുകളുടെയും നിയമസഭാ അംഗങ്ങളുടെ എണ്ണത്തിന്റെയും പരമാവധി പരിധി 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശം. പുതുക്കിയ സീറ്റ് വിഭജനവും മണ്ഡല അതിർത്തികളും 2051 വരെ നിലനിർത്താനും നിർദേശമുണ്ട്.
ഇതിനായി തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന ഭരണഘടനയുടെ 132-ാം ഭേദഗതി ബിൽ, ലോക്സഭയുടെ പരമാവധി അംഗസംഖ്യ 850 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിൽ സംസ്ഥാനങ്ങളിൽനിന്ന് പരമാവധി 815 അംഗങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്ന് 35 അംഗങ്ങളും ഉണ്ടാകും.
സംസ്ഥാന നിയമസഭകളുടെ പരമാവധി അംഗസംഖ്യ 500-ൽനിന്ന് 650 ആയും ഉയർത്താൻ ബിൽ നിർദേശിക്കുന്നു.
മണ്ഡല പുനർനിർണയ നടപടികളിലൂടെ ലോക്സഭയിലും സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഉടൻ നടപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ സ്ത്രീകൾക്കും സംവരണം ബാധകമായിരിക്കും.





