India News

മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: മണിപ്പൂരിൽ ഇനി മുതൽ രാഷ്ട്രപതി ഭരണം. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജി വച്ചതിനു ശേഷം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ബിജെപി എംഎൽഎമാർക്കിടയിൽ ഭിന്നത തുടരുന്നതിനിടെ, ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച് നിർണായക വിജ്ഞാപനം പുറത്തിറങ്ങി.

രാജ്യത്തിന്റെ പ്രസിഡന്റായ ദ്രൗപതി മുര്‍മു ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് ധാരണയായില്ല. സ്പീക്കർ ടി.എസ്. സിംഗ് അനുകൂലികൾ ഒരു പക്ഷമായിരുന്നപ്പോൾ, ബിരേൻ സിങ് അനുകൂലികൾ മറുവശത്ത് നിലകൊണ്ടു.

മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും സംസ്ഥാന അധ്യക്ഷ ശാരദാദേവിയും ഗവർണർ അജയ് കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.

ഭരണഘടനയുടെ 174 (1) വകുപ്പ് പ്രകാരം നിയമസഭ അവസാനമായി ചേർന്നതിന് ആറു മാസത്തിനുള്ളിൽ വീണ്ടും സഭ ചേർന്നിരിക്കേണ്ടതാണ്. മണിപ്പുരിൽ 2023 ഓഗസ്റ്റ് 12നായിരുന്നു അവസാന സമ്മേളനം. ഈ ആറുമാസ കാലാവധി ഫെബ്രുവരി 14-നു പൂർത്തിയായതോടെ രാഷ്ട്രപതി ഭരണം പ്രാബല്യത്തിൽ വന്നു.

അതേസമയം, ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ബിരേൻ സിംഗ് ഫെബ്രുവരി 12-നു രാജിവച്ചിരുന്നു. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ തോൽവി ഒഴിവാക്കാനാണ് രാജിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *